'പുഷ്പ' പോലുള്ള സിനിമകൾ തെലുങ്കിൽ മുൻപും വന്നിട്ടുണ്ട്, ഞങ്ങൾക്ക് അത് പുതുമയല്ല: നാഗാർജുന

'ബിഹാർ, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ പുഷ്പ, കെജിഎഫ്, ബാഹുബലി തുടങ്ങിയ സിനിമകളിലെ ലാർജ് ദാൻ ലൈഫ് കഥാപാത്രങ്ങളെ പ്രേക്ഷകർ ആസ്വദിക്കുന്നു'

dot image

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ സിനിമ ഗംഭീര കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2 ദി റൂൾ 1800 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രം നോർത്ത് ഇന്ത്യയിലും വലിയ കുതിപ്പാണ് നടത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം നാഗാർജുന. പുഷ്പയെ പോലുള്ള സിനിമകൾ നേരത്തെയും തെലുങ്കിൽ വന്നിട്ടുണ്ടെന്നും നോർത്ത് പ്രേക്ഷകർക്കാണ് ചിത്രം കൂടുതൽ ഇഷ്ടമായതെന്നും നാഗാർജുന പറഞ്ഞു.

'പുഷ്പ തെലുങ്കിനേക്കാൾ മറ്റ് ഭാഷകളിലാണ് കൂടുതൽ പണം സമ്പാദിച്ചത്, പ്രത്യേകിച്ച് നോർത്തിൽ. പുഷ്പയെപ്പോലെ സമാനമായ കഥകളും പുഷ്പരാജിനെപ്പോലെ കഥാപാത്രങ്ങളും തെലുങ്കിൽ മുമ്പ് നമ്മൾ കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് അത് പുതിയ കാര്യമല്ല. ബിഹാർ, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ പുഷ്പ, കെജിഎഫ്, ബാഹുബലി തുടങ്ങിയ സിനിമകളിലെ ലാർജ് ദാൻ ലൈഫ് കഥാപാത്രങ്ങളെ പ്രേക്ഷകർ ആസ്വദിക്കുന്നു. അവരുടെ നായകന്മാരെ അങ്ങനെ കാണാൻ ആണ് അവർ ആഗ്രഹിക്കുന്നത്,' നാഗാർജുന പറഞ്ഞു.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്തത്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ജനുവരി 30 മുതലാണ് പുഷ്പ 2 നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷനാണ് ഒടിടിയിലെത്തിയിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.

Content Highlights: Films like Pushpa are nothing new to telugu cinema says nagarjuna

dot image
To advertise here,contact us
dot image