ആരാ സൂര്യക്ക് മാർക്കറ്റ് ഇല്ലെന്ന് പറഞ്ഞത്? റെക്കോർഡ് ഒടിടി റൈറ്റ്സുമായി വെങ്കി അറ്റ്ലൂരി-സൂര്യ ചിത്രം

ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് റിപ്പോർട്ട്

dot image

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല വർഷമല്ല നടൻ സൂര്യക്ക്. മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും നടനെ പിന്നോട്ടടിക്കുന്നുണ്ട്. സുര്യയുടേതായി അവസാനം പുറത്തിറങ്ങിയ റെട്രോയും സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. ഇതൊക്കെയാണെങ്കിലും നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകരുടെ എണ്ണം ചെറുതല്ല. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സിനിമയില്‍ സൂര്യ ആണ് നായകൻ. സിനിമയുടെ ഒടിടി റൈറ്റ്സിനെപ്പറ്റിയുള്ള അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്. വെങ്കി അറ്റ്ലൂരി ചിത്രത്തിൽ ഭാഗ്യശ്രീ ബോർസേയും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ റെട്രോയ്ക്ക് സാധിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റെട്രോയുടെ മൊത്തം ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ 34.75 കോടി രൂപയാണ്. 2.5 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും ആദ്യ ദിനം നേടിയത്. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ.

1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Venki Atluri - Suriya film OTT rights sold for a record price

dot image
To advertise here,contact us
dot image