
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സൂര്യയുടെ ലുക്കും പെർഫോമൻസും ആരാധകർക്ക് ഇഷ്ടമായെങ്കിലും കഥയിലെ പോരായ്മകൾ ആരാധകരെ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ജയിലിൽ നിന്നുള്ള സൂര്യയുടെ സീനുകളിൽ പലതും കട്ട് ചെയ്തിരുന്നുവെന്നും അതെല്ലാം മികച്ചതായിരുന്നുവെന്നും പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഒരു മാസത്തിന് ശേഷം ഇത് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
'ജയിൽ സീൻ സ്ക്രിപ്റ്റിൽ 5-6 മിനിറ്റ് ഉണ്ട്. അതെല്ലാം ഷൂട്ട് ചെയ്ത വെച്ചിട്ടുണ്ട്. ജയിൽ സീക്വൻസുകൾ ഒരു എപ്പിസോഡ് പോലെയാണ്. സമയപരിമിതി കാരണം ചില മികച്ച സീനുകൾ മുറിച്ചുമാറ്റി. എല്ലാം മികച്ചതായിരുന്നു പക്ഷെ വേറെ വഴി ഇല്ലാതെ അതിൽ പലതും കട്ട് ചെയ്തു. ഒരു മാസത്തിനുശേഷം ഒരു വിപുലീകൃത പതിപ്പ് പുറത്തിറക്കും. കാരണം ആദ്യം ജയിലിൽ നിന്ന് സ്വയം പണിഷ്മെന്റ് വാങ്ങുന്ന സൂര്യ അതിനു ശേഷം ജയിലിൽ റൗഡി ആയി മാറുകയാണ്. പിന്നീട് ജോജു ആയി സംസാരിക്കുന്ന സീൻ എല്ലാം ഉണ്ട്. ഇതുപോലെ നിറയെ സീനുകൾ ജയിലിൽ ഷൂട്ട് ചെയ്‌തിട്ടുണ്ട്,' കാർത്തിക് പറഞ്ഞു.
Exclusive: "The jail sequences like an episode. due to time constraints some great scenes were cut. will release an extended version after a month" #Retro
— α∂αяsн тρッ (@adarshtp_offl) May 4, 2025
- @karthiksubbaraj pic.twitter.com/8f1RctKJqo
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
Content Highlights: director says the prison scenes from the retro movie will be released as episodes after a month