വീണ്ടും ശക്തമായ രാഷ്ട്രീയം പറയാൻ മാരി സെൽവരാജ്; ധ്രുവ് വിക്രമിന്റെ 'ബൈസൺ' റിലീസ് തീയതി പ്രഖ്യാപിച്ചു

അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്

വീണ്ടും ശക്തമായ രാഷ്ട്രീയം പറയാൻ മാരി സെൽവരാജ്; ധ്രുവ് വിക്രമിന്റെ 'ബൈസൺ' റിലീസ് തീയതി പ്രഖ്യാപിച്ചു
dot image

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ കാലമാടൻ' എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്.

തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടെയ്ൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന് സംഗീതം നല്കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയാണ് മാരി സെൽവരാജ് ചിത്രങ്ങൾ. ആദ്യ ചിത്രം പരിയേറും പെരുമാൾ മുതൽ അവസാനം പുറത്തിറങ്ങിയ വാഴൈ വരെ തമിഴ്‌നാടിന്റെ ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന സിനിമകളായിരുന്നു മാരി സെല്‍വരാജ് ഒരുക്കിയത്.അദ്ദേഹം സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മാമന്നൻ, വാഴൈ തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ധ്രുവ് വിക്രം നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ബൈസൺ'. 2020 ൽ പ്രഖ്യാപിച്ച ചിത്രം 2024 മെയ് മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്.

Content Highlights: Mari Selvaraj movie Bison release date announced

dot image
To advertise here,contact us
dot image