
കിരൺ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുരുക്കില്‍ പെട്ടിരിക്കുകയാണ് നടി. അടുത്തിടെ അഭിമുഖത്തിൽ താൻ മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിപ്പോൾ വിവാദമായിരികുക്കയാണ്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നടിക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ ഒരു റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മുംബൈ ആസ്ഥാനമായുള്ള എൻജിഒയായ പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിനും പരാതി നൽകിയിരിക്കുന്നത്.
സംരക്ഷിത വന്യജീവി ഇനത്തിൽപ്പെടുന്നവയാണ് മുള്ളന്‍പന്നി, ഉടുമ്പ് എന്നീ ജീവികൾ. പരാതിയുടെ അടിസ്ഥാനത്തിൽ ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് അറിയിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി വിദേശത്തതാണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്ന്
നടി അറിയിച്ചിട്ടുണ്ടെന്നും, വന്നാൽ ഉടന്‍ നടിയോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷൻ റാത്തോഡ് പറഞ്ഞു.
സംഭവത്തില്‍ വേട്ടക്കാരുടെയും മറ്റും പങ്ക് അന്വേഷിക്കുന്നുണ്ട് എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. നടി പറഞ്ഞത് ശരിയാണെങ്കില്‍ അത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും അവര്‍ക്കും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
Content Highlights: Forest department files case after actress gives interview about eating wild animal meat