
വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. ചിത്രം ഏപ്രിൽ 18 ന് റീ റിലീസ് ചെയ്തിരുന്നു. അഞ്ച് ദിവസം പിന്നിടുമ്പോൾ സിനിമ തമിഴ്‌നാട്ടിൽ മികച്ച കളക്ഷനാണ് നേടുന്നത്.
ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. രണ്ടാം ദിനത്തിൽ 1.95 കോടിയും മൂന്നാം ദിനം 1.80 കോടിയും നാലാം ദിനത്തിൽ 65 ലക്ഷവും അഞ്ചാം ദിനത്തിൽ 60 ലക്ഷവുമാണ് സിനിമയുടെ കളക്ഷൻ. അങ്ങനെ അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് 7.20 കോടിയാണ് നേടിയിരിക്കുന്നത്. ഇതോടെ തമിഴ്‌നാട് ബോക്സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന റീ റിലീസുകളിൽ രണ്ടാം സ്ഥാനത്ത് സിനിമ എത്തിയിരിക്കുകയാണ്. വിജയ് ചിത്രം ഗില്ലിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ചിത്രത്തിന് പല തിയേറ്ററുകളിലും എക്സ്ട്രാ ഷോസ് അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.
ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.
Content Highlights: Sachein Re-Release Tamil Nadu Box Office Collection