
May 28, 2025
03:58 PM
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. നേരത്തെ ലൈക്കയിൽ നിന്ന് ചിത്രത്തിന്റെ റൈറ്സ് പൂർണമായും ഗോകുലം വാങ്ങി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ പോസ്റ്ററിലും ലൈക്ക പ്രൊഡക്ഷന്സിനെ മാറ്റിയിട്ടില്ല. ഇതിൽനിന്ന് ഇപ്പോഴും ലൈക്ക സിനിമയുടെ നിർമാണ പങ്കാളി ആണെന്നാണ് വ്യക്തമാവുന്നത്.
'ഗോകുലം മൂവീസുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതിൽ ടീം എമ്പുരാൻ സന്തോഷിക്കുന്നു. ഞങ്ങളുടെ ടീമിലും സിനിമയിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് ശ്രീ. ഗോകുലം ഗോപാലന് പ്രത്യേക നന്ദി. 2025 മാർച്ച് 27, ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാൻ
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു! കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക!' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസിനെത്തുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.
സിനിമയുടെ ഒടിടി, ഓവര്‍സീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷന്‍ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാര്‍ച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാന്‍സ് ഷോകള്‍ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു. റിലീസിന് ഒരു മാസം മുന്‍പേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകള്‍ക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഗോകുലം മൂവീസ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
Content Highlights: Prithviraj thanks Gokulam Gopalan for partner of Empuraan movie