
May 21, 2025
02:20 AM
കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം അദ്ദേഹം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ നടൻ ടൊവിനോ തോമസും ജോയിൻ ചെയ്തതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ചിത്രത്തിൽ ടൊവിനോ ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രശാന്ത് നീൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നിർദേശം നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 360 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് വിവരം.
സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.
പ്രഭാസിനെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ. 2023 ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highligghts: Tovino thomas joins Prashant Neel movie