

സോഷ്യൽ മീഡിയയിൽ നടൻ ടൊവിനോ തോമസും ബേസിൽ ജോസഫും പരസ്പരം ട്രോളുന്നത് രസകരമായ കാഴ്ചയാണ്. ഇരുവരുടെയും പോസ്റ്റുകളിലെ പരസ്പരമുള്ള തമാശ നിറഞ്ഞ കമന്റുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ ബേസിൽ അതിഥിയായി എത്തിയിരുന്നു. ബേസിലിനൊപ്പം ടീസർ ലോഞ്ചിൽ നിന്നുള്ള ഒരു ഫോട്ടോ ടൊവിനോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
മോഹൻലാലിന്റേയും മമ്മൂട്ടിയും പിന്നിലിരിക്കുന്ന ചിത്രം 'വൻ മരങ്ങൾക്കിടയിൽ' എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയാണ് രസകരമായ കമന്റുമായി ബേസിൽ എത്തിയത്. 'മുട്ട പഫ്‌സിലെ മുട്ട' എന്നാണ് ബേസിൽ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകുകയും ചെയ്തു. ഈ കമന്‍റിന് പിന്നാലെ ചിത്രത്തിലുള്ളവരെല്ലാം ചേര്‍ന്ന് മുട്ട പഫ്സ് കഴിക്കുന്ന ഒരു എഐ വീഡിയോ വന്നിരുന്നു. ഇതും വെെറലായിരുന്നു. തന്‍റെ പോസ്റ്റ് എ ഐ വീഡിയോ ആകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് ബേസിൽ ജോസഫ്. പൊൻമാൻ ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിലാണ് ബേസിലിന്റെ പ്രതികരണം.
‘ചുമ്മാ ഒരു തമാശക്കാണ് ആ കമന്റിട്ടത്. പലപ്പോഴും എന്റെ കൂട്ടുകാരാണ് ഓരോ വീഡിയോസും ഫോട്ടോസുമൊക്കെ അയച്ചുതരുന്നത്. അവര്‍ അയച്ചുതരുമ്പോഴാണ് ഇതൊക്കെ ഞാന്‍ അറിയുന്നത്. അങ്ങനെയാണ് ലാലേട്ടന്റെയും മമ്മൂക്കയുടെയും പുറകില്‍ അവന്‍ ഇരിക്കുന്ന ഫോട്ടോ കണ്ടത്. ചുമ്മാ ഒരു കമന്റ് ഇട്ട് തളര്‍ത്താം എന്ന് വിചാരിച്ചാണ് ‘മുട്ട പഫ്‌സിനിടയിലെ മുട്ട’ എന്ന് കമന്റ് ചെയ്തത്. അത് വൈറലായി. അതിനെക്കാള്‍ ഞെട്ടിച്ചത് ആ കമന്റിനെ ബേസ് ചെയ്ത് വന്ന വീഡിയോയാണ്. ഞാന്‍ നോക്കുമ്പോള്‍ ലാലേട്ടനും മമ്മൂക്കയും ടൊവിയും ഞാനുമിരുന്ന് മുട്ട പഫ്‌സ് കഴിക്കുന്നു. വളരെ രസകരമായിട്ടാണ് ആ വീഡിയോ എ.ഐയില്‍ ക്രിയേറ്റ് ചെയ്തതെന്ന് മനസിലായി. ഞാന്‍ അത് കണ്ടിട്ട് ഒരുപാട് ചിരിച്ചു’ ബേസില്‍ ജോസഫ് പറഞ്ഞു.

അതേസമയം, ബേസിൽ ജോസഫിനെ നായകനാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'പൊൻമാൻ'. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Content Highlights: Basil Joseph says he didn't think the comment become AI video