തിയേറ്ററിൽ കണ്ട് ആസ്വദിക്കൂ, 'മാർക്കോ' ഉടനെയൊന്നും ഒടിടിയിലേക്കില്ല; പ്രതികരിച്ച് നിർമാതാക്കൾ

കേരള ബോക്സ് ഓഫീസിൽ 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്

തിയേറ്ററിൽ കണ്ട് ആസ്വദിക്കൂ, 'മാർക്കോ' ഉടനെയൊന്നും ഒടിടിയിലേക്കില്ല; പ്രതികരിച്ച് നിർമാതാക്കൾ
dot image

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ചിത്രം ഒടിടിയിൽ എത്താനൊരുങ്ങുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവ്. ഒരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും മാർക്കോയുടെ കരാറുകള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു. ചിത്രം തിയേറ്ററുകളില്‍ തന്നെ ആസ്വദിക്കേണ്ടതാണെന്നും നിർമാതാക്കൾ പുറത്തുവിട്ട പോസ്റ്റിൽ പറയുന്നു.

'മാര്‍ക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഈ ഒരു ഘട്ടത്തില്‍ യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവെച്ചിട്ടില്ല എന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. മാര്‍ക്കോ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ മികച്ച അനുഭവം നല്‍കുന്നതിനായി നിര്‍മിച്ചതാണ്. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്, അത് പ്രേക്ഷകര്‍ ഏറ്റെടുത്ത് ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. ഈ സിനിമ അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകളാണ്. അതിനാല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ മാര്‍ക്കോ കാണാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'.

'ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തില്‍, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നതായിരിക്കും. അതുവരെ, ഈ വിഷയം സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മാര്‍ക്കോയ്ക്ക് ഇതുവരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നു', ഷെരീഫ് മുഹമ്മദ് കുറിപ്പില്‍ വ്യക്തമാക്കി.

ആഗോളതലത്തിലാകട്ടെ സിനിമ ഇതിനകം 100 കോടി എന്ന സംഖ്യ കടന്നു കഴിഞ്ഞു. നിർമാതാക്കളായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും.

കേരള ബോക്സ് ഓഫീസിൽ 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Producer reacts to marco ott release rumours

dot image
To advertise here,contact us
dot image