
ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പതിവ് പോലെ നിറയെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയ്‌ലർ. അവസാന ഭാഗത്തിൽ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 2023 ജൂലൈ 12 നാണ് 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വൺ' പുറത്തുവന്നത്. 291 മില്യൺ ഡോളർ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് 570.6 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമർ', ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി' എന്നീ സിനിമകളുടെ ക്ലാഷിനിടയിൽ പെട്ട് ചിത്രത്തിന് അർഹിച്ച കളക്ഷൻ ലഭിക്കാതെ പോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന ഏഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് ഏറെ ആരാധകരാണുള്ളത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂയിസ് എടുക്കുന്ന പ്രയത്നങ്ങൾ ഇപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.
Content Highlights: Tom Cruise starring Mission Impossible The Final Reckoning trailer out now