


 
            ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് അല്ലു അർജുൻ നായകനായ പുഷ്പ 2വും വിക്കി കൗശലിന്റെ ഛാവയും. ഇരു ചിത്രങ്ങളും ഡിസംബര്‍ റിലീസിനായിരുന്നു ഒരുങ്ങിയിരുന്നത്. എന്നാൽ അല്ലുവിന്റെ പുഷ്പ 2 ഡിസംബറില്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഛാവയുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബോക്‌സോഫീസിൽ പരസ്പരം മത്സരിക്കാതിരിക്കാനാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്ന് ഛാവ സിനിമയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്തു. ലക്ഷ്ൺ ഉഠേക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ആറിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്
ഛത്രപതി ശിവാജിയുടെ മകൻ സംഭാജി മഹാരാജിന്റെ ജീവിതമാണ് ഛാവ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓപ്പൺ റിലീസിനാണ് ഛാവ ശ്രമിക്കുന്നത്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. പുഷ്പയിലെ നായികയായ രശ്മികയും ഛാവയിൽ അഭിനയിക്കുന്നുണ്ട്. അക്ഷയ് ഖന്നയാണ് ചിത്രത്തിൽ ഔറംഗസേബ് ആയി എത്തുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.
ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയിൽ മാറ്റം വരുത്തുന്നുണ്ട്.
ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: Allu arjun's Pushpa 2 release Vicky Kaushal's Chhaava release also postponed
 
                        
                        