

ഇതുവരെ താൻ ചെയ്ത ഡാൻസ് സ്റ്റെപ്പുകളോ കൊറിയോഗ്രഫിയോ അല്ലായിരുന്നു സ്തുതിയിലേതെന്നും അത് ചെയ്യാൻ തനിക്ക് പേടിയായിരുന്നെന്നും നടൻ കുഞ്ചാക്കോ ബോബൻ. താൻ വർഷങ്ങളായി എങ്ങനെയാണോ ഡാൻസ് ചെയ്തുകൊണ്ടിരുന്നത് അതിനെ മറന്നിട്ട് പുതിയ രീതിയിലേക്ക് ഷിഫ്റ്റ് ചെയ്യുക എന്നതാണ് സ്തുതിക്കായി ചെയ്തതെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
'ഞാൻ ശീലിച്ചിട്ടുള്ള, ചെയ്തുവന്നിട്ടുള്ള ഡാൻസോ അല്ല സ്തുതിയിലേത്. ഈ സോങ് നന്നാക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു ടാസ്ക് ആയിരുന്നു. എനിക്ക് പേടിയായിരുന്നു എന്നതായിരുന്നു സത്യം. ഇത്രയും വര്‍ഷം സിനിമകളില്‍ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും റിഹേഴ്‌സലിനുള്ള സ്‌കോപ്പ് ഉണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് എനിക്ക് ഒരു ഡാന്‍സ് നമ്പറിനായി, അത് പഠിക്കാനും റിഹേഴ്‌സ് ചെയ്യാനും അവസരവും സാഹചര്യവും സമയവും ലഭിക്കുന്നത്,'
കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ സ്തുതിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഗാനത്തിന്റെ വീഡിയോ സോങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത് ജ്യോതിർമയിയുടെയും കുഞ്ചാക്കോ ബോബന്റെ ഡാൻസിനായിരുന്നു. വളരെ കാലത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍റെ ഡാൻസ് കാണാൻ സാധിച്ചതെന്നും മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് ഇന്നും അദ്ദേഹമെന്നുമാണ് വന്ന കമന്‍റുകള്‍.
വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. മെെ സെല്‍ഫ് ആന്‍റ് മെെ മൂവ്സ് എന്ന ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിന് കൊറിയോഗ്രഫി ഒരുക്കിയത്.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.
Content Highlights : The dance in sthuthi song was not something I have done before says Kunchacko Boban