'കമ്യൂണിസ്റ്റ് പച്ച തിന്നാത്തതുകൊണ്ടാ പശുക്കളെ ഗോമാതാവ് എന്ന് വിളിക്കുന്നത്';'പൊറാട്ട് നാടകം' ടീസര്‍ എത്തി

ചിത്രം ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും

'കമ്യൂണിസ്റ്റ് പച്ച തിന്നാത്തതുകൊണ്ടാ പശുക്കളെ ഗോമാതാവ് എന്ന് വിളിക്കുന്നത്';'പൊറാട്ട് നാടകം' ടീസര്‍ എത്തി
dot image

മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിന്റെ കൗതുകങ്ങളും രസങ്ങളും ഒളിപ്പിച്ച ടീസര്‍ പുറത്തിറങ്ങി. തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും.

'ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ആനുകാലിക സംഭവങ്ങളുമായി ഈ സിനിമയുടെ കഥയ്‌ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല, അഥവാ അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വരനാട് സോഷ്യല്‍മീഡിയയില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും മാര്‍ക്‌സ് മുത്തപ്പനും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ടീസറില്‍ നിന്നും കുറിക്കുകൊള്ളുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമാകും 'പൊറാട്ട് നാടക'മെന്നാണ് സൂചന. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍,ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍, നിര്‍മ്മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അര്‍ജ്ജുന്‍ മേനോന്‍, നൃത്തസംവിധാനം: സജ്നാ നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യൂസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്‌സ്: രന്തീഷ് രാമകൃഷ്ണന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പരസ്യകല: മാ മി ജോ, ഫൈനല്‍ മിക്‌സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ശിവകുമാര്‍ രാഘവ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights : Saiju Kurup and Dharmajan Bolgatty starring Porattu Nadakam movie teaser out

dot image
To advertise here,contact us
dot image