
പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്. ഇതിനിടെ പത്തു വർഷത്തിന് ശേഷം ഒരു സിനിമ തീയേറ്ററിൽ പോയി കാണുകയാണെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര. ചിത്രത്തിന്റെ ഒരു കുറവ് പോലും കണ്ണിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'പത്തു വർഷത്തിന് ശേഷമാണ് ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നത്. ആടുജീവിതത്തിന് വേണ്ടിയായിരുന്നു പത്തു വർഷം കാത്തിരുന്നത് എന്ന് തോന്നി പോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പർശിയായ സിനിമയാണിത്. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞുവെന്ന് നിസംശയം പറയാം. പൊതുവെ ഞാൻ കാര്യങ്ങളെ വിഷമർശനാത്മകമായി സമീപിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും അതിലെ കുറവുകൾ പെട്ടെന്ന് കണ്ടുപിടിക്കാറുണ്ട്. പക്ഷെ ബ്ലെസിയുടെ ഈ സിനിമ അതിലെ സൂഷ്മാംശത്തെ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അഭിനന്ദിക്കുന്നു. ഈ പത്തുവർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല' എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞിരിക്കുന്നത്.
ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.