നെൽസൺ ദിലീപ്കുമാറിന്റെ അടുത്ത ചിത്രം അല്ലു അർജുനൊപ്പം; റിപ്പോർട്ട്

ഇരുവരും തമ്മിൽ ചർച്ച നടത്തിയതായും, സിനിമയ്ക്കായി ഒന്നിക്കുന്നതായുമാണ് റിപ്പോർട്ട്

നെൽസൺ ദിലീപ്കുമാറിന്റെ അടുത്ത ചിത്രം അല്ലു അർജുനൊപ്പം; റിപ്പോർട്ട്
dot image

നെൽസൺ ദിലീപ്കുമാറിന്റെ കരിയർ ഗ്രാഫിനെ ഉയർത്തുന്ന തരത്തിലായിരുന്നു ജയിലറിന്റെ ആഗോള വിജയം. ജയിലറെന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം നെൽസണിന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട സൂചനകളാണ് പുറത്തുവരുന്നത്. അല്ലു അർജുനുമായി നെൽസൺ കൂട്ടിക്കാഴ്ച്ച നടത്തിയതായാണ് പുതിയ റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ച നടത്തിയതായും, സിനിമയ്ക്കായി ഒന്നിക്കുന്നതായുമാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.

നെൽസണിന്റെ സംവിധാന രീതി അല്ലുവിന് ഇഷ്ടപ്പെട്ടുവെന്നും ഇതേതുടർന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചർച്ചയ്ക്ക് വിളിച്ചതെന്നുമാണ് വിവരം. നെൽസൺ പറഞ്ഞ കഥ നടന് ഇഷ്ടപ്പെട്ടതായും സിനിമ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് ഇന്ത്യ ടുഡെയുടെ റിപ്പോർട്ട്. 601.6 കോടിയാണ് ആഗോളതലത്തിൽ ജയിലർ സ്വന്തമാക്കിയത്. നെൽസണിന്റെ അടുത്ത ചിത്രത്തിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്.

തമിഴിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആക്ഷൻ ത്രില്ലറായിരിക്കുകയാണ് ജയിലർ. രജനിയുടെ തന്നെ എക്കാലത്തേയും ഗ്യാങ്സ്റ്റർ ക്ലാസിക്കായ ബാഷ സിനിമയോട് ജയിലറിനെ നടൻ ഉപമിച്ചത് ചർച്ചയായിരുന്നു. ജയിലർ റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം താൻ അതിയായ സന്തോഷത്തിലായിരുന്നുവെന്നും എന്നാൽ ഭാവി സിനിമകളിലെ തന്റെ പ്രകടനം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അതിൽ ആശങ്കയുണ്ടെന്നും രജനികാന്ത് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image