കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ മലയാള സിനിമ ലോകം

രണ്ട് പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ 44 സിനിമകളാണ് രണ്ടാം ഘട്ടത്തിൽ എത്തിയത്

dot image

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 154 സിനിമകളാണ് മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ 44 സിനിമകളാണ് രണ്ടാം ഘട്ടത്തിൽ എത്തിയത്. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, ഡോ ബിജു സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങൾ, തുടങ്ങിയ ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.

അമീൻ അസ്ലം സംവിധാനം ചെയ്ത് മോമോ ഇൻ ദുബായ് മികച്ച കുട്ടികളുടെ ചിത്രത്തിനായി മത്സരിക്കുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ അമൽ നീരദ് ചിത്രം ഭീഷ്മപർവം, രത്തീനയുടെ പുഴു എന്നീ ചിത്രങ്ങളും അവസാന പരിഗണനയിലുണ്ട്. മഹേഷ് നാരാണന്റെ സംവിധാനത്തിലൊരുങ്ങിയ അറിയിപ്പും മത്സരരംഗത്തുണ്ട്. ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാല രണ്ടാം റൗണ്ടിലെത്തിയതായാണ് വിവരം. ജയ ജയ ജയ ജയ ഹേ, പാൽതു ജാൻവർ, കുറ്റവും ശിക്ഷയും, ഇല വീഴാ പൂഞ്ചിറ, മലയൻകുഞ്ഞ്, ശ്രീ ധന്യ കാറ്ററിങ് സർവീസ്, വഴക്ക്, കീടം, എന്നീ ചിത്രങ്ങളും പരിഗണനയിലുള്ളതായി സൂചനയുണ്ട്.

ഏകൻ അനേകൻ, അടിത്തട്ട്, ക്ഷണികം, അപ്പൻ, വിചിത്രം, ആട്ടം, പുല്ല്, തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയാണ് പുരസ്കാരം നിർണയിക്കുന്നത്. പ്രധാന ജൂറിയിൽ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകൻ റോയ് പി തോമസ്, നിർമ്മാതാവ് ബി രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണുള്ളത്. അവസാന ജൂറിയിൽ ചലച്ചിത്രപ്രവർത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനൻ എന്നിവരും ഉൾപ്പെടുന്നു.

dot image
To advertise here,contact us
dot image