Top

'100-ലധികം ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം അവൾ ഞങ്ങളിലേക്ക്'; മകളുടെ ആദ്യ ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

'ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല'

9 May 2022 2:10 AM GMT
ഫിൽമി റിപ്പോർട്ടർ

100-ലധികം ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം അവൾ ഞങ്ങളിലേക്ക്; മകളുടെ ആദ്യ ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
X

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മാതാപിതാക്കളായ വാർത്ത ആരാധകർ ആഘോഷമാക്കാൻ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് മകളെ കാണാൻ ആണ്. ഇപ്പോഴിതാ താരം തന്നെ മകളുടെ ആദ്യ ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിച്ചു എങ്കിലും എൻഐസിയുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും കൈകളിലേക്ക് കുഞ്ഞു മാലാഖ എത്തുന്നത്. ഒരു അമ്മയായ സന്തോഷവും താരം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല. നിരവധി ആളുകൾ ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. എൻഐയുവിലെ 100ലധികം ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ മകൾ ഒടുവിൽ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര അദ്വിതീയമാണ്. അതേപോലെ ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നു, അതുകൊണ്ട് തന്നെ ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതും തികവുറ്റതുമാണ് ഈ ദിവസങ്ങൾ എന്ന് ഞങ്ങൾക്ക് വ്യക്തമായി.

ഞങ്ങളുടെ കുഞ്ഞു മകൾ ഒടുവിൽ ഞങ്ങളിലേക്ക് എത്തിയതിലുള്ള സന്തോഷം വളരെ വലുതാണ്. ഓരോ ചുവടിലും നിസ്വാർത്ഥമായി ഒപ്പം നിന്ന റാഡി ചിൽഡ്രൻസ് ലാ ജൊല്ല, ലോസ് ഏഞ്ചൽസിലെ സെഡാർ സിനായ് എന്നിവിടങ്ങളിലെ ഓരോ ഡോക്ടർക്കും നഴ്‌സിനും സ്പെഷ്യലിസ്റ്റിനും നന്ദി പറയുന്നു. ഞങ്ങളുടെ അടുത്ത അധ്യായം ഇപ്പോൾ ആരംഭിക്കുകയാണ്, മമ്മിയും ഡാഡിയും നിന്നെ സ്നേഹിക്കുന്നു. ഒപ്പം മറ്റാരേക്കാളും, എന്നെ ഒരു അമ്മയാക്കിയതിനു നന്ദി നിക്ക് ജോനാസ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു... താരം കുറിച്ചു.

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച വിവരം ഏതാനും നാളുകൾക്ക് മുൻപാണ് പ്രിയങ്കയും നിക്കും ലോകത്തോട് അറിയിച്ചത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് അഭിനന്ദനങ്ങളും ലോകത്തിന്റെ പല കോണിൽ നിന്നും എത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആരാധകരോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും സ്വകാര്യത ആവശ്യപ്പെട്ട ദമ്പതികൾ കുട്ടിയുടെ പേരോ ലിംഗമോ സ്ഥിരീകരിച്ചിരുന്നില്ല.

ഇതിനു ശേഷമാണ് ഔദ്യോഗിക രേഖകളിലെ പേര് പുറത്ത് വിട്ടുകൊണ്ട് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ടിഎംസി രംഗത്തെത്തിയത്. ജനന സർട്ടിഫിക്കറ്റ് അനുസരിച്ച് പ്രിയങ്കയും നിക്കും തങ്ങളുടെ പെൺകുഞ്ഞിന് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടിരിക്കുന്നത് എന്നും ടിഎംസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പേരിനെകുറിച്ചൊന്നും താരദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story highlights: 'After 100 plus days in the NICU, our little girl is finally home'; Priyanka Chopra shares her daughter's first picture

Next Story