സംസ്ഥാനത്ത് ഉടന്‍ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍; വയനാട് ഒഴിവാക്കുമോ രാഹുല്‍?

മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും
സംസ്ഥാനത്ത് ഉടന്‍ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍; വയനാട് ഒഴിവാക്കുമോ രാഹുല്‍?

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍. റായ്ബറേലിയില്‍ കൂടി വിജയിച്ച രാഹുല്‍ഗാന്ധി മണ്ഡലം നിലനിർത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും. മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എംഎല്‍എമാരെയും മന്ത്രിമാരെയും രംഗത്തിറക്കിപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതാണ്. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ കൊടിപാറിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഒഴിവാക്കാനാണ് സാധ്യതകളേറെയും. അങ്ങനെയെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. ചുരുക്കത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനം നീങ്ങുക മൂന്ന് ഉപതിരഞ്ഞെടുപ്പകളിലേക്കാകും.

ആറുമാസത്തിനകം തിരഞ്ഞെടുപ്പുണ്ടാകും എന്നുളളത് കൊണ്ട് തന്നെ മുന്നണികള്‍ വൈകാതെ തയ്യാറെടുപ്പുകളിലേക്ക് കടക്കും. ചേലക്കരയില്‍ രാധാകൃഷ്ണന്‍റെ പിന്‍ഗാമിയായി മുന്‍ എംപി പി കെ ബിജുവിനെയാകും ഇടതുമുന്നണി കളത്തിലിറക്കുക. ഇടതുകോട്ടയില്‍ കളം പിടിക്കാന്‍ യുഡിഎഫും എന്‍ഡിഎയും ആരെ രംഗത്തിറക്കുമെന്നത് വ്യക്തമല്ല. പാലക്കാട് നിലനിർത്താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാകും യുഡിഎഫ് നിയോഗിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത മത്സരം കാഴ്ച വെച്ച പാലക്കാട്ട് മറ്റ് പേരുകളിലേക്ക് യുഡിഎഫ് പോകാനുളള സാധ്യതയും തളളിക്കളയാനാവില്ല.

വയനാട് രാഹുലിന് പകരം പ്രിയങ്കാഗാന്ധി വന്നാലും അത്ഭുതപ്പെടാനില്ല. സംസ്ഥാന നേതാക്കളാണ് മത്സരിക്കുന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനർ എംഎം ഹസനായിരിക്കും സാധ്യത. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് പോകുന്നതോടെ പിണറായി മന്ത്രിസഭയില്‍ പുതുമുഖം വന്നേക്കും. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും വകുപ്പ് മാറ്റവും ഉണ്ടാകുമോയെന്നതും ഏറെ ശ്രദ്ധേയമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com