കര്‍ണ്ണാടക ചിന്തിക്കുന്നതാണോ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്?

ഇത്തവണ ബിജെപിക്ക് 20 സീറ്റിൽ കുറവ് ഒരു എക്‌സിറ്റ് പോളും പ്രവചിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷയ്ക്ക് വകയുമില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ നൽകുന്ന സൂചന.
കര്‍ണ്ണാടക ചിന്തിക്കുന്നതാണോ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്?

കന്നഡ മണ്ണില്‍ 2019 ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബിജെപി-ജെഡിഎസ് സഖ്യം 21 മുതല്‍ 23 സീറ്റുകളില്‍ വരെ വിജയിക്കുമെന്നാണ് പ്രവചനം. ഇന്‍ഡ്യാ സഖ്യത്തിന് നാല് മുതല്‍ ആറ് വരെ സീറ്റുകളും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം ഡികെ ശിവകുമാർ-സിദ്ധരാമയ്യ സമവാക്യം പ്രതീക്ഷിക്കുന്നുണ്ട്. ഈ ആത്മവിശ്വാസത്തെ പാടെ നിരാകരിക്കുന്നതാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. 'മോദി മീഡിയ പോള്‍' എന്നാണ് ഇന്‍ഡ്യാ സഖ്യം എക്‌സിറ്റ് പോളിനെ വിശേഷിപ്പിച്ചത്. എക്സിറ്റ് പോളുകള്‍ ജനവിധിയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക ചിന്തിക്കുന്നതാണോ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്?

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 സീറ്റിലും ബിജെപി ഒറ്റക്ക് വിജയിച്ചിരുന്നു. മാണ്ഡ്യയിൽ ബിജെപി പിന്തുണയിൽ മത്സരിച്ച സുമതലയും വിജയിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് 20 സീറ്റിൽ കുറവ് ഒരു എക്‌സിറ്റ് പോളും പ്രവചിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷയ്ക്ക് വകയുമില്ലെന്നാണ് സൂചന. നേരെ പറഞ്ഞാല്‍ കര്‍ണ്ണാടകയില്‍ അത്ഭുതമൊന്നും സംഭവിക്കാനില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

ക്ഷേമ പ്രവർത്തനം തുണക്കുമോ?

സംസ്ഥാനത്ത് ഇന്‍ഡ്യാ സഖ്യം 20 സീറ്റില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കുവെച്ചത്. സഖ്യം 15 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും 15-16 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഇന്‍ഡ്യാ മുന്നണിയും കണക്കുകൂട്ടുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങള്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റ ആത്മവിശ്വാസത്തിന്‍റെ ഉറവിടം. പരിചയ സമ്പന്നമായ നേതൃനിരയുടെ അഭാവം, പ്രജ്വല്‍ രേവണ്ണക്കെതിരായ ലെെംഗികാതിക്രമ കേസ്, സ്ഥാനാർത്ഥി പ്രഖ്യാപന ഘട്ടത്തില്‍ നേതാക്കളെ തഴഞ്ഞത് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ വിലയിരുത്തപ്പെട്ടു. ഇതും തങ്ങളുടെ പെട്ടിയിലെ വോട്ട് കൂട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

സൗജന്യ റേഷന്‍, വൈദ്യുതി, സ്ത്രീകള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ എന്നിവ അടങ്ങുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് കര്‍ണാടക കോണ്‍ഗ്രസ് വോട്ടർമാർക്ക് മുന്നിലേക്ക് വെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിന് പിന്നാലെയായിരുന്ന സമാനമായ പദ്ധതികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇതും തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

നേതൃത്വത്തിന്‍റെ അഭാവം

ഏപ്രില്‍ 26 നും മെയ് 7 നുമായി രണ്ട് ഘട്ടത്തിലായിരുന്നു കര്‍ണ്ണാടക പോളിംഗ് ബുത്തിലേക്ക് പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങി പ്രചാരണം നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ബിജെപിക്ക് ക്ഷീണമായിരുന്നു. സംസ്ഥാനത്ത് ബിജെപി നേരിടുന്ന മികച്ച നേതൃത്വത്തിന്റെ അഭാവവും അന്ന് വലിയ ചര്‍ച്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി ബി വൈ വിജയേന്ദ്രയെ തിരഞ്ഞെടുത്തത്. യെദ്യൂരപ്പയുടെ അത്ര ക്രൗഡ് പുള്ളറാണോ മകന്‍ വിജയേന്ദ്രയെന്ന് ചോദിച്ചാല്‍ സംശയമായിരിക്കും. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളില്‍ ഒന്നായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് വിജയേന്ദ്ര. ലിംഗായത്തുകളെ കൂടെ നിർത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലും അവർക്ക് വേണ്ടത്ര പരിഗണന നല്‍കിയിരുന്നു. ഇതുവഴി ലിംഗായത്ത് വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിക്ക് ആയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.

ജെഡിഎസ് സാന്നിധ്യം ബിജെപിക്ക് പിടിവള്ളിയാവുമോ?

കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച ജെഡിഎസ് ഇക്കുറി എന്‍ഡിഎ സഖ്യത്തിലാണ് മത്സരിക്കുന്നത്. 2019 ല്‍ ഒരു സീറ്റില്‍ വിജയിച്ച ജെഡിഎസ് ഇത്തവണ മത്സരിക്കുന്ന മൂന്ന് സീറ്റിലും വിജയിച്ചേക്കാമെന്നാണ് പ്രവചനം. ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്ര പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. ഈ ദൃശ്യങ്ങള്‍ ഹാസനിലും മാണ്ഡ്യയിലും ബോധപൂർവ്വം പ്രചരിപ്പിച്ചിരുന്നുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജർമ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. കർണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രധാന പ്രചാരണായുധം. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വല്‍ രേവണ്ണ ഇവിടെ സ്ഥാനാര്‍ത്ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു പ്രജ്ജ്വല്‍ രേവണ്ണ ആദ്യമായി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും പ്രജ്വല്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചനം. മത്സരിച്ച മൂന്ന് സീറ്റിലും വിജയിച്ചില്ലെങ്കിലും വൊക്കലിംഗ വോട്ടിന് സ്വാധീനമുള്ള മാണ്ഡ്യയിലും ഹസനിലും ജെഡിഎസ് വിജയിക്കും. സഖ്യം ജെഡിഎസിന് ഗുണം ചെയ്യുമെന്നാണ് എക്സിറ്റ് പോള്‍ ഫലസൂചനയില്‍ നിന്ന് വ്യക്തമാവുന്നത്.

ബിജെപിക്ക് വെല്ലുവിളിയായി മുതിർന്ന നേതാക്കളുടെ അതൃപ്തി

ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. മുതിര്‍ന്ന പല നേതാക്കള്‍ക്കും ബിജെപി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. മുതിര്‍ന്ന നേതാകളായ നളിന്‍ കുമാര്‍ കട്ടീല്‍, അനന്ത കുമാര്‍ ഹെഗ്‌ഡേ, സദാനന്ദ ഗൗഢ, കെ എസ് ഈശ്വരപ്പ എന്നിവര്‍ക്കൊന്നും സീറ്റ് നല്‍കിയിട്ടില്ല. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ സ്വതന്ത്രനായി ബിജെപി ശക്തി കേന്ദ്രത്തില്‍ മത്സരിച്ച ഈശ്വരപ്പയെ ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കിയിരിക്കുകയാണ്. മകന് ഹവേരിയില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് ഈശ്വരപ്പ കടുത്ത തീരുമാനത്തിന് മുതിർന്നത്. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് ഹാവേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. മകനെ ഷിമോഗയില്‍ മത്സരിപ്പിക്കണമെന്ന ഈശ്വരപ്പയുടെ ആവശ്യവും നേതൃത്വം പരിഗണിച്ചില്ല. സിറ്റിംഗ് എംപി വൈ രാഘവേന്ദ്രയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഈ നീക്കങ്ങളെല്ലാം ബിജെപിയെ ഉലച്ചിരുന്നുവെങ്കിലും ഒരുഘട്ടത്തില്‍ പോലും മുതിർന്ന നേതാക്കളെയൊന്നും അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നില്ല. ഈ കലുഷിതമായ സാഹചര്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് വോട്ടര്‍മാര്‍ കാര്യമാക്കിയില്ലെങ്കില്‍ വോട്ട് പെട്ടിയിലാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയത് വോട്ടർമാർ അംഗീകരിച്ചിരുന്നില്ല. ഇതിനെല്ലാം പുറമെ സംസ്ഥാനത്തെ പ്രബല വിഭാഗമായ കുറുബ വിഭാഗത്തിന്റെ ഏക ബിജെപി മുഖമായിരുന്നു ഈശ്വരപ്പ. ഈശ്വരപ്പയെ ബിജെപി തഴയുന്ന അതേ സാഹചര്യത്തില്‍ തന്നെ അപ്പുറത്ത് കുറബ വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിലൂടെ വോട്ട് സ്വാധീനിക്കാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.

ഏത് നിലയിൽ വിലയിരുത്തിയാലും എക്സിസിറ്റ് പോളുകളിൽ പ്രവചിച്ചിരിക്കുന്നതിനെക്കാൾ സീറ്റുകൾ നേടാൻ അനുകൂലമായ സാഹചര്യം കർണാടകയിൽ കോൺഗ്രസിനുണ്ട്. എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത് പോലെ ഏകപക്ഷീയ വിജയം ബിജെപിക്ക് നിഷേധിക്കുന്ന നിരവധി ഘടങ്ങളും കർണാകയിലുണ്ട്. അതിനാൽ തന്നെ എക്സിറ്റ് പോളുകൾ പ്രതിഫലിപ്പിക്കുന്നത് കന്നഡ ജനതയുടെ യഥാർത്ഥ ജനവികാരമാണോ എന്ന ചോദ്യം പ്രസക്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com