ഡിവൈഎഫ്ഐ തൃശ്ശൂര് മുൻ ജില്ലാ സെക്രട്ടറി പി ബി അനൂപിനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

കൂടാതെ സെക്രട്ടറിയായിരിക്കെ പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു

dot image

തൃശ്ശൂര്: ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി ബി അനൂപിനെ സിപിഐഎം കേച്ചേരി ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം കുന്നംകുളം ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടി എടുത്തത്. കുന്നംകുളം ഏരിയാ സമ്മേളനത്തിൽ വിഭാഗീയപ്രവർത്തനത്തിന് നേതൃത്വം നൽകിയെന്ന ആരോപണത്തിലാണ് സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പി ബി അനൂപിനെ തരംതാഴ്ത്തിയിരുന്നത്. എന്നാൽ പ്രവര്ത്തിക്കേണ്ട ഘടകം തീരുമാനിച്ചിരുന്നില്ല. നടപടിക്ക് ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ പി ബി അനൂപ് കാര്യമായി ഇടപെടുന്നില്ല.

ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ കമ്മിറ്റി തീരുമാനം അറിയിച്ചത്. ഏരിയാ സമ്മേളനത്തിൽ മത്സരിച്ചതിന്റെയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെയും പേരിൽ 2023 മേയിൽ ഏഴ് പേരെയാണ് തരംതാഴ്ത്തിയത്. പി ബി അനൂപിനു പുറമേ സമ്മേളനത്തിൽ മത്സരിച്ച കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി സജീബ്, കുന്നംകുളം ലോക്കൽ സെക്രട്ടറി കെ ബി സനീഷ്, കണ്ടാണശ്ശേരി ലോക്കൽ കമ്മിറ്റി അംഗം റിജാസ്, ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റി അംഗം എൻ എസ് സുമേഷ്, കുന്നംകുളം ലോക്കൽ കമ്മിറ്റി അംഗം ഷനോഫ്, പോർക്കുളം ലോക്കൽ കമ്മിറ്റി അംഗം പി എസ് ഷാനു എന്നിവരെ അന്ന് ബ്രാഞ്ചുകളിലേക്ക് തരം താഴ്ത്തിയിരുന്നു.

ഇതിന് മുൻപും പി ബി അനൂപിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയതിന്റെ പേരിലാണ് ആരോപണം ഉണ്ടായത്. എന്നാൽ ഇതിൽ പാർട്ടി അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായിരുന്നില്ല. കൂടാതെ സെക്രട്ടറിയായിരിക്കെ പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു.

മദ്യനയ അഴിമതിക്കേസ്; കെജ്രിവാൾ അറസ്റ്റിൽ
dot image
To advertise here,contact us
dot image