നാലാമത് അപ്പർ കുട്ടനാട് ജലോത്സവം ഓഗസ്റ്റ് 25-ന്

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വള്ളങ്ങൾക്കൊപ്പം പ്രാദേശിക വള്ളങ്ങളും മാറ്റുരയ്ക്കും

നാലാമത് അപ്പർ കുട്ടനാട് ജലോത്സവം ഓഗസ്റ്റ് 25-ന്
dot image

അപ്പർ കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് അപ്പർ കുട്ടനാട് ജലോത്സവം ഓഗസ്റ്റ് 25-ന് ഉത്രാട നാളിൽ നടക്കും. വീയപുരം, നിരണം, കടപ്ര, മാന്നാർ പഞ്ചായത്തുകളിലെ ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ജലോത്സവം ഒരുങ്ങുന്നത്. അന്നേദിവസം ഉച്ചയ്ക്ക് 2.30 മുതൽ അപ്പർ കുട്ടനാട് വാട്ടർ സ്റ്റേഡിയത്തിലാണ് പമ്പയാറ്റിലെ ഓളപ്പരപ്പിൽ വള്ളംകളി അരങ്ങേറുക.

കടപ്ര ബേത്ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ കടപ്ര സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള 1,200 മീറ്റർ ദൈർഘ്യമുള്ള നെട്ടായത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വള്ളങ്ങൾക്കൊപ്പം പ്രാദേശിക വള്ളങ്ങളും മാറ്റുരയ്ക്കും. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നീ വിഭാഗങ്ങളിലായി വള്ളങ്ങൾ ജലോത്സവത്തിൽ മത്സരിക്കാനിറങ്ങും.

സംഘാടക മികവുകൊണ്ട് മുൻവർഷങ്ങളിൽ ശ്രദ്ധേയമായ അപ്പർ കുട്ടനാട് വള്ളംകളിയിൽ ഇത്തവണയും നിരവധി ആധുനിക സവിശേഷതകളാണ് ഒരുക്കിയിട്ടുള്ളത്. കൃത്യതയുള്ള സ്റ്റിൽ സ്റ്റാർട്ടിംഗ് രീതി, 1,200 മീറ്റർ ഡിജിറ്റലായി സർവേ ചെയ്ത ട്രാക്കുകൾ, എല്ലാ വള്ളങ്ങൾക്കും തുല്യ അവസരം ഉറപ്പാക്കുന്ന മത്സരപാതകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ, മത്സരങ്ങൾ സുതാര്യമായി വിലയിരുത്താൻ വിദഗ്ധരടങ്ങുന്ന വിധികർത്താക്കളുടെ പാനലും പ്രൊഫഷണൽ കമന്റേറ്റർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ജലോത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക-കലാപരിപാടികളും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കാണികൾ ഒഴുകിയെത്തുന്ന ഈ വള്ളംകളി അപ്പർ കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും വലിയ കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്.

Content Highlights: The fourth Upper Kuttanad Water Festival is scheduled to take place on August 25. The event is expected to showcase the region's rich cultural heritage, traditional water sports, and festive celebrations.

dot image
To advertise here,contact us
dot image