

പാലക്കാട്: ശക്തമായ മഴയില്‍ പാലക്കാട് അലനല്ലൂരില്‍ വീട് തകര്‍ന്നു വീണു. അലനല്ലൂര്‍ മാളിക്കുന്നില്‍ രമേഷിന്റെ വീടാണ് തകര്‍ന്നത്. രമേഷും കുടുംബവും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണ നിലയിലാണ്. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് സംഭവം.
രമേഷും ഭാര്യ സുനിതയും രണ്ട് മക്കളും തിരുവോണ സദ്യ കഴിച്ച ശേഷം വിരുന്ന് പോകാനായി വീടിന് പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. കുടുംബം വീടിന് പുറത്തായിരുന്നതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. തകര്‍ന്ന വീടിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി വീട് തകര്‍ന്നതോടെ പൂര്‍ണമായും വഴിയാധാരമായ അവസ്ഥയിലാണ് കുടുംബം.
Content Highlights: House collapsed in Palakkad amid Heavy Rain