
കോഴിക്കോട്: അധ്യാപികയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സ്കൂൾ പ്രധാന അധ്യാപകനെ വിജിലൻസ് പിടികൂടി. കോഴിക്കോട് വടകര പാക്കയിൽ ജെ ബി സ്കൂൾ പ്രധാന അധ്യാപകൻ ഇ എം രവീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.
പി എഫ് അക്കൗണ്ടിൽ നിന്ന് നോൺ റീഫണ്ടബിൾ അഡ്വാൻസ് തുകയായി മൂന്നുലക്ഷം രൂപ ലഭിക്കാൻ പരാതിക്കാരിയായ അധ്യാപിക അപേക്ഷ നൽകിയിരുന്നു. ഈ പണം അനുവദിക്കുന്നതിനാണ് പ്രധാന അധ്യാപകൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
പതിനായിരം രൂപ പണമായും തൊണ്ണൂറായിരത്തിന്റെ ചെക്കുമാണ് വാങ്ങിയത്. തുക ആവശ്യപ്പെട്ടപ്പോൾ അധ്യാപിക വിജിലൻസിൽ അറിയിക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
Content Highlights: Vigilance arrested School head master on bribery