
കണ്ണൂര്‍: മലപ്പട്ടത്തെ തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വ്‌ലാദിമിര്‍ മയക്കോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ കെ രാഗേഷ് പങ്കുവെച്ചിരിക്കുന്നത്. 'സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു. കടുവകളെ കീഴടക്കി. മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്' എന്ന വരികളാണ് രാഗേഷ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ഗാന്ധിസ്തൂപം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ സിപിഐഎമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയിലും സമ്മേളനത്തിലും സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി.
പിന്നാലെ ജില്ലയില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയര്‍ന്നു. ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു.
ആ കത്തിയുമായി വന്നാല്‍ വരുന്നവന് തങ്ങള്‍ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്നായിരുന്നു കെ കെ രാഗേഷ് ഇതിനെതിരെ നല്‍കിയ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമാണ് നല്‍കുന്നതെന്നും മൂട്ട കടിച്ചാല്‍ ഒന്ന് ചൊറിയും, പക്ഷെ മൂട്ടയെ കൊല്ലാന്‍ ആരും കൊടുവാള്‍ എടുക്കാറില്ലെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.
തനിക്ക് പുഷ്പചക്രം വയ്ക്കും എന്ന് കെ കെ രാഗേഷ് പറഞ്ഞത് ശരിയായില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. കൊന്നുകളയും എന്ന് പറഞ്ഞാല്‍ അയ്യോ കൊല്ലല്ലേ എന്ന് പറയുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി മരിക്കേണ്ടി വന്നാല്‍ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കെ കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിരിക്കുന്നത്.
മലപ്പട്ടത്ത് പരസ്പരമുള്ള പോര്‍വിളിയും ഭീഷണിയും നടക്കുകയാണ്. ഇത് അതിരു വിട്ടാല്‍ ജില്ലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് പൊലീസ് പ്രശ്‌ന ബാധ്യത മേഖലകളില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
Content Highlights: Malappattam issue K K Ragesh Facebook post