വി എസിന് അന്ത്യാഭിവാദ്യമർപ്പിക്കുമ്പോഴും മുടങ്ങാതെ പൊതിച്ചോർ വിതരണം നടത്തി ഡിവൈഎഫ്‌ഐ തഴക്കര മേഖലാ കമ്മിറ്റി

ആലപ്പുഴ ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടക്കുന്നുണ്ട്

dot image

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മരണത്തിൽ ആലപ്പുഴ വിങ്ങിപ്പൊട്ടുമ്പോഴും ഏറ്റെടുത്ത സാമൂഹ്യദൗത്യം മറക്കാതെ ഡിവൈഎഫ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനിടയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊതിച്ചോർ വിതരണം മുടങ്ങിയില്ല. ഡിവൈഎഫ്‌ഐ തഴക്കര മേഖലാ കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം നടത്തിയത്. ആലപ്പുഴ ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടക്കുന്നുണ്ട്. പ്രിയ നേതാവ് വി എസ് അച്യുതാനന്ദന്റെ വിയോഗം നല്‍കിയ വേദനയ്ക്കിടയിലും ഡിവൈഎഫ്‌ഐ തഴക്കര മേഖലാ കമ്മിറ്റി പൊതിച്ചേര്‍ വിതരണം നടത്തുകയായിരുന്നു. സിപിഐഎം നേതാവ് ബിനീഷ് കോടിയേരിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വി എസ്സിനോടുള്ള ആദരവ് ഹൃദയത്തില്‍ സൂക്ഷിച്ചപ്പോഴും, വിശക്കുന്നവരുടെ വയറു നിറയ്ക്കുക എന്ന സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്ന് ബിനീഷ് പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങാതെ തുടരുന്ന ഈ പൊതിച്ചോര്‍ വിതരണം തഴക്കര മേഖല കമ്മിറ്റിയുടെ സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്. വിപ്ലവവീര്യവും മാനുഷിക മൂല്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ സഖാക്കള്‍, സമൂഹത്തിന് എന്നും ഒരു പ്രചോദനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി ഏത് സാഹചര്യത്തിലും അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നില്‍ ഉണ്ടാവുമെന്നും ബിനീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നതിനിടയിലും മുടങ്ങാതെ പൊതിച്ചോര്‍ വിതരണം നടത്തി ഡിവൈഎഫ്‌ഐ തഴക്കര മേഖല കമ്മിറ്റി. പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആലപ്പുഴയിലെ സഖാക്കളെല്ലാം ഇന്നലെ രാവിലെ മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഈ ദുഃഖകരമായ സാഹചര്യത്തിലും വര്‍ഷങ്ങളായി ആലപ്പുഴ ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ നല്‍കിവരുന്ന പൊതിച്ചോര്‍ വിതരണം മുടക്കാത്ത ഒരു കൂട്ടം സഖാക്കളുണ്ട് അത് ഡിവൈഎഫ്‌ഐ തഴക്കര മേഖല കമ്മിറ്റിയിലെ ധീരരായ സഖാക്കളാണ്.

സഖാവ് വി എസ്സിനോടുള്ള ആദരവ് ഹൃദയത്തില്‍ സൂക്ഷിച്ചപ്പോഴും, വിശക്കുന്നവരുടെ വയറു നിറയ്ക്കുക എന്ന സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ അവര്‍ തയ്യാറായില്ല. പതിറ്റാണ്ടുകളായി മുടങ്ങാതെ തുടരുന്ന ഈ പൊതിച്ചോര്‍ വിതരണം. തഴക്കര മേഖല കമ്മിറ്റിയുടെ സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്. വിപ്ലവവീര്യവും മാനുഷിക മൂല്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ സഖാക്കള്‍, സമൂഹത്തിന് എന്നും ഒരു പ്രചോദനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി ഏത് സാഹചര്യത്തിലും അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നില്‍ ഉണ്ടാവും.

21ന് വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

Content Highlights- Bineesh Kodiyeri facebook post about dyfi thazhakkara committee

dot image
To advertise here,contact us
dot image