ശ്രീനിവാസന് വധം: മൂന്ന് പേര്‍കൂടി അറസ്റ്റില്‍; ഒരാള്‍ പള്ളി ഇമാം
പ്രതികളില്‍ ഒരാളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്
22 April 2022 6:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: ശ്രീനിവാസന് വധക്കേസില്‍ മുന്ന് പേര്‍കൂടി പിടിയില്‍. അറസ്റ്റിലായ ഒരാള്‍ ശഖുവാരത്തോട് പള്ളി ഇമാമാണ്. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പള്ളി ഇമാം സദ്ദാം ഹുസൈന്, അഷ്ഫാക്ക്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. അഷ്ഫാക്കും അഷ്റഫും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. പ്രതികളില്‍ ഒരാളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ഒരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പടിയിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എഡിജിപി വിജയ് സാഖറെ അറിയിച്ചു. നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു.
കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
STORY HIGHLIGHTS: Srinivasan murder: Three more arrested; One among them is Imam of the mosque