Top

'ഏഴ് മിനിറ്റ് കൊണ്ട് അവര്‍ പണി തീര്‍ത്തു, കുട്ടികളായിരുന്നു എന്റെ പേടി'; പോത്തന്‍കോട് അരുംകൊലയുടെ ദൃക്‌സാക്ഷി

​അവർ അലറി വിളിച്ചുകൊണ്ടാണ് സുധീഷിനെ വെട്ടിയത്, കരച്ചിൽ പോലും പുറത്തു കേൾക്കുന്നുണ്ടായിരുന്നില്ല, മക്കളെ സുരക്ഷിതമാക്കാനാണ് എനിക്ക് തോന്നിയത്

12 Dec 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴ് മിനിറ്റ് കൊണ്ട് അവര്‍ പണി തീര്‍ത്തു, കുട്ടികളായിരുന്നു എന്റെ പേടി; പോത്തന്‍കോട് അരുംകൊലയുടെ ദൃക്‌സാക്ഷി
X

തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകം അതിക്രൂരമായിരുന്നുവെന്ന് ദൃക്‌സാക്ഷി. കൊലയാളികള്‍ അലറി വിളിച്ചുകൊണ്ട് ആയുധങ്ങളുമായി എത്തി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. എതിരാളികളുടെ ആക്രോഷത്തിനിടയില്‍ സുധീഷ് കരയുന്നത് പോലും കേട്ടില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു. കൊലപാതകം ശേഷം വീടിന് നാശനഷ്ടം വരുത്താനും ഗുണ്ടകള്‍ ശ്രമിച്ചു. സുധീഷ് ഒളിവില്‍ താമസിച്ചുവെന്ന് കരുതുന്ന വീട്ടുടമസ്ഥന്‍ സജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സജീവിന്റെ വാക്കുകള്‍

''ഞാന്‍ ജോലി കഴിഞ്ഞെത്തിയ സമയത്താണ് ഇത് നടക്കുന്നത്. ഞാന്‍ ഊണ് കഴിക്കാനായി അടുക്കളയിലെത്തിയപ്പോള്‍ കതക് അടയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നത്. അനിയന്‍ അപ്പോ കതകടയ്ക്കാനാണ് പറഞ്ഞു. മക്കളെ സേഫാക്കുകയെന്നതാണ് എനിക്കപ്പോള്‍ തോന്നിയത്. മക്കളുടെ മുന്നിലിട്ടാണ് കൃത്യം അവര്‍ നടത്തിയത്.

മക്കള് പനി പിടിച്ച് കിടപ്പിലാണ്. ബഹളം വെച്ച് കൈയ്യില്‍ ആയുധങ്ങളുമായിട്ടാണ് അവരെത്തിയത്. സുധീഷിന്റെ നിലവിളി കേട്ടില്ല. മറ്റുള്ളവര്‍ വെട്ടുമ്പോള്‍ അലറി വിളിച്ച് സംസാരിക്കുകയായിരുന്നു. കൊലപാതകം ശേഷം പുറത്തുവന്ന് വീട് തകര്‍ക്കാനാണ് അക്രമികള്‍ സമയമെടുത്തത്. സുധീഷ് ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നില്ല. അവന്‍ ഓടിക്കയറി വന്നതാണ്. അതുകൊണ്ടാണ് ഞാന്‍ മീഡിയാക്കാരോട് സംസാരിക്കാതിരുന്നത്.''

അതേസമയം കേസിൽ ഒമ്പത് പേർ കൂടി കസ്റ്റഡിയിലായി. ഇതോടെ കേസിൽ 10 പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സുധീഷ് എന്ന ഉണ്ണിയാണ് കാൽ വലിച്ചെറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഇപ്പോൾ കസ്റ്റഡിയിലുള്ളവരിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.

കൊലപാതകത്തിന് പിന്നിൽ ​ഗുണ്ടാ പകയാണെന്ന് റൂറൽ എസ്പി പി.കെ മധു വ്യക്തമാക്കി. കൃത്യത്തിൽ പങ്കെടുത്തത് 11പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവൻ പ്രതികളെ ഉടൻ പിടികൂടും. സംഭവത്തിൽ സൈബർ ടീം അന്വേഷിക്കുന്നുണ്ട്. മരിച്ചയാളും പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായി 12 അംഗ സംഘം സുധീഷിനെ അന്വേഷിച്ചെത്തി. അപകടം മനസിലാക്കിയ ഉടൻ തന്നെ സുധീഷ് ബന്ധുവിട്ടീലേക്ക് ഓടിക്കയറി കതകടച്ചു. പരിസരവാസികളും ഈ സമയത്ത് പ്രദേശത്തേക്ക് എത്തിച്ചേർന്നിരുന്നു. ആദ്യം പ്രദേശവാസികളെ ഓടിക്കാൻ ഒട്ടകം രാജേഷും സംഘവും നാടൻ ബോംബെറിഞ്ഞു. മറ്റെല്ലാവരും പകച്ചുനിൽക്കുന്ന സമയത്ത് വീടിന്റെ കതക് പൊളിച്ച് അകത്തു കയറി സുധീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൈകാലുകൾ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഉണ്ണി തോളിൽ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഉത്സവാഘോഷത്തോടെയാണ് ഉണ്ണി ബൈക്കിലിരുന്നത്. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ കാല് റോഡിൽ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കൾ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനിൽക്കുകയായിരുന്നു.

Next Story