ഒരു പെണ്‍കുട്ടിയോട് രണ്ട് പേര്‍ക്കും പ്രണയം,സുഹൃത്തുക്കള്‍ തെറ്റിപ്പിരിഞ്ഞു, പക; ഓട്ടോ കത്തിച്ച കേസില്‍ സംഭവിച്ചത്
31 Oct 2021 7:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ കേസില്‍ വഴിത്തിരിവ്. ഓട്ടോ ഡ്രൈവറുടെ മുന്‍ സുഹൃത്താണ് ക്വട്ടേഷന്‍ നല്‍കിയത്. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താന്‍ സുഹൃത്ത് വിശാഖ് ക്വട്ടേഷന്‍ നല്‍കിയത്. അഖിലും വിശാഖും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചതിനെത്തുടര്ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. കേസില്‍ വിശാഖിനെയും ക്വട്ടേഷന്‍ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവമിങ്ങനെ,
പൈകയിലെ ഓട്ടോ ഡ്രൈവറാണ് അഖില്‍. വിശാഖ് കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളിയും. അഖിലും വിശാഖും ഐടിഐയില്‍ പഠിക്കുന്ന കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു. സഹപാഠികളായിരുന്ന ഇരുവരും ആ സമയത്ത് സ്ത്രീ വിഷയങ്ങളിലുള്‍പ്പെടെ ഒരുമിച്ച് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പാലാ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയെ ഇരുവര്‍ക്കും ഇഷ്ടമായി. എന്നാല്‍ പെണ്‍കുട്ടി പ്രണയിച്ചത് വൈശാഖിനെയാണ്. ഇതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ പലപ്പോഴായി അടിപിടിയുണ്ടായിരുന്നു. വൈശാഖിന്റെ സ്വഭാവ ദൂഷ്യങ്ങള്‍ അഖില്‍ യുവതിയോട് പറയുമെന്ന പേടിയില്‍ കൊല്ലനായി വിഷ്ണുവിന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഭാര്യയെ കാണാനെന്ന പേരിലാണ് വിഷണു അഖിലിനെ ഓട്ടം വിളിച്ചത്. മുടിയൂര്‍ക്കര ജംഗ്ഷനിലെ ഡോക്ടേഴ്സ് ക്വാട്ടേഴ്സിലേക്കുള്ള റോഡിലെ ആള്‍ത്തിരക്കില്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഖിലിനെ ഓട്ടോയില്‍ പിടിച്ചു വെച്ച് മര്‍ദ്ദിച്ചു. അഖില്‍ കുതറിയോടുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും അഖിലിനെ പിടിക്കാന്‍ സാധിച്ചില്ല. തിരികെ വന്ന വിഷ്ണു കൈയ്യില്‍ കരുതിയ പെട്രോളും ആസിഡും ഒഴിച്ച് ഓട്ടോ കത്തിക്കുകയായിരുന്നു. വഴിയില്‍ ഒളിച്ചിരുന്ന അഖില്‍ കുറേനേരം കഴിഞ്ഞപ്പോള്‍ പരിസരത്തുള്ളവരോട് സംഭവങ്ങള്‍ പറഞ്ഞു. ഇതിനിടെ പരിസരവാസികള്‍ വിളിച്ചു പറഞ്ഞിട്ടെത്തിയ പൊലീസ് വിഷ്ണുവിനെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി. വിഷ്ണുവിന്റെ മൊഴി പ്രകാരം ക്വട്ടേഷന്‍ നല്കിയ വൈശാഖിനെയും അറസ്റ്റ് ചെയ്തു. ഇരുവരും റിമാന്‍ഡിലാണ്.