Top

'ആംബുലൻസിന് പിന്നാലെ പൊലീസുണ്ട്, ബ്ലൗസ് പിടിച്ചൂരി പീഡനത്തിന് ശ്രമിച്ചു'; തുഷാര അജിത്തിന്റെ മകളുടെ ആഹ്വാനം, ഒളിവിൽ തുടരുന്നു

ഈ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സംഘപരിവാര്‍ അനുകൂലിക്കുന്ന നിരവധി പേര്‍ തുഷാരയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു

30 Oct 2021 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആംബുലൻസിന് പിന്നാലെ പൊലീസുണ്ട്, ബ്ലൗസ് പിടിച്ചൂരി പീഡനത്തിന് ശ്രമിച്ചു; തുഷാര അജിത്തിന്റെ മകളുടെ ആഹ്വാനം, ഒളിവിൽ തുടരുന്നു
X

തുഷാര അജിത്തിന് വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ മകളും. അമൃത ഹോസ്പിറ്റലിലേക്ക് മാറുന്ന സമയത്ത് ആംബുലന്‍സില്‍ നിന്ന് തുഷാര അജിത്തിന്റെ മകള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കേരളാ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളുമുള്ളത്. പൊലീസ് തങ്ങള്‍ക്കെതിരായിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഞങ്ങളെ ഉപദ്രവിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. കിഡ്‌നിക്ക് പ്രശ്‌നമുള്ളയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്തു. ബ്ലൗസ് വലിച്ചൂരി. ആശുപത്രിയുടെ മുന്നില്‍ പൊലീസിനെ നിര്‍ത്തി മാനസികമായി പീഡിപ്പിച്ചു. ഇതിനെതിരെ നിങ്ങള്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും തുഷാരയുടെ മകള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഈ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സംഘപരിവാര്‍ അനുകൂലിക്കുന്ന നിരവധി പേര്‍ തുഷാരയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എക്കണോമിക് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ മുന്‍പുള്ള വീഡിയോയില്‍ തുഷാര തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

അതേസമയം റെസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളായ തുഷാര അജിത്ത്, ഭർത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു. തുഷാരയും സംഘവും ഇൻഫോ പാർക്കിന് സമീപത്തെ റെസ്റ്റോറന്റിൽ നടത്തിയത് സംഘടിത ആക്രമണമാണെന്നും പൊലീസ് അറിയിച്ചു. തുഷാരയുടെ ഭർത്താവ് അജിത്ത് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ചേരാനെല്ലൂർ സ്റ്റോഷിൽ രജിസ്റ്റർ ചെയ്ത ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ് അജിത്ത്. സുഹൃത്ത് അപ്പുവും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം ഇൻഫോപാർക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോർട്ടിൽ കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോർജിനെയും ഇവർ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാൽ, ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകൾ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി.

നോൺ ഹലാൽ ബോർഡ് വച്ചതിന് യുവാക്കൾ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യൽമീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തിൽ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങൾ. തുഷാരയുടെ വാദങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു. പിന്നാലെ, തുഷാരയ്ക്ക് നേരെ നടന്നത് ജിഹാദി ആക്രമണമാണെന്ന് ഉത്തരേന്ത്യയിലെ സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിച്ചു. കേരളത്തിൽ ഹിന്ദുക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ തടസമാണെന്ന് തരത്തിൽ വ്യാപക പ്രചരണം സംഘപരിവാർ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു.

Next Story

Popular Stories