സെഞ്ചുറി നിഷേധിച്ചു, എന്നിട്ടും സച്ചിന് ഓട്ടോഗ്രാഫ് നല്കി; അവിസ്മരണീയ മുഹൂര്‍ത്തം ഓര്‍മിച്ച് വോന്‍
2002-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലായിരുന്നു സംഭവം. നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഒരു തവണ സച്ചിന്റെ വിക്കറ്റെടുത്തത് ഓഫ് സ്പിന്നര്‍ വോനായിരുന്നു.
11 Jan 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ക്രിക്കറ്റില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെക്കുറിച്ചുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ അത്ര പഥ്യമല്ലാത്ത, അവസരംകിട്ടിയാല്‍ എപ്പോഴും പരിഹസിക്കാറുള്ള ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോന്‍ ഇപ്പോള്‍ ആര്‍ക്കുമറിയാത്ത ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.
സെഞ്ചുറിക്കരികെ താന്‍ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടും ഒന്നു മുഖംകറുക്കുക പോലും ചെയ്യാതെ സച്ചിന് തനിക്ക് സമ്മാനം നല്കിയതിനെക്കുറിച്ചാണ് വോന്‍ പറയുന്നത്. 2002-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലായിരുന്നു സംഭവം. നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഒരു തവണ സച്ചിന്റെ വിക്കറ്റെടുത്തത് ഓഫ് സ്പിന്നര്‍ വോനായിരുന്നു.
''സച്ചിന് അന്നു ഫോം വീണ്ടെടുക്കാന്‍ വിഷമിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്തു നോക്കാമെന്നു എനിക്കു തോന്നിയത്. തൊട്ടുമുമ്പത്തെ ബോളില്‍ സച്ചിന് എനിക്കെതിരേ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി പായിച്ചിരുന്നു. അതുകൊണ്ടു തന്നെ അടുത്തത് കുറച്ച് ഉയരത്തില്‍, വൈഡായി, സ്ലോ ബോള്‍ പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു ക്ലിക്കായി. സച്ചിനു ഈ ബോള്‍ പ്രതിരോധിക്കാനോ, ഷോട്ട് കളിക്കാനോ കഴിഞ്ഞില്ല. ഓഫ്സ്റ്റംപ് ഇളകുകയും ചെയ്തു''- വോന്‍ പറഞ്ഞു.
രണ്ടിന് 11 എന്ന നിലയില്‍ ഇന്ത്യ പതറിയ സമയത്ത് സച്ചിനും രാഹുല്‍ദ്രാവിഡും ചേര്‍ന്ന് 163 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി സമയത്തായിരുന്നു ഈ വിക്കറ്റ് വീഴ്ച. പുറത്താകുമ്പോള്‍ 92 റണ്‍സാണ് സച്ചിന് നേടിയിരുന്നത്. തുടര്‍ന്ന് മത്സരശേഷം ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍വച്ചു നടന്ന സംഭവമാണ് വോന്‍ ഓര്‍മിക്കുന്നത്.
''അന്നത്തെ ദിനത്തിലെ മത്സരശേഷം ഞാന്‍ ഇന്ത്യയുടെ ഡ്രെസിങ് റൂമിലേക്ക് ചെന്നു. സൗരവ് ഗാംഗുലിയായിരുന്നു അന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍. അദ്ദേഹത്തോട് അനുമതി ചോദിച്ചു ഞാന്‍ അകത്തു കയറിയപ്പോള്‍ സച്ചിന് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സച്ചിന് അരികലെത്തി അന്നത്തെ മാച്ച് ബോളില്‍ ഓട്ടോഗ്രാഫ് ചോദിച്ചു. സെഞ്ചുറിക്കരികെ പുറത്താക്കിയതിന്റെ നീരസം ഒന്നുമില്ലാതെ ചിരിച്ചോണ്ട് അദ്ദേഹം ഒപ്പിട്ടുതന്നു. തികഞ്ഞ സ്പോര്‍സ്മാന്‍ സ്പിരിറ്റുള്ള ആളാണ് അദ്ദേഹം.''- വോന്‍ പറഞ്ഞു.