'ഗാംഗുലിയെ വീഴ്ത്താന്‍ സച്ചിനെ പുകഴ്ത്തി'; വോണിന്റെ തന്ത്രം ഓര്‍മിച്ച് ചാപ്പല്‍
വോണ്‍ ചിലയവസരങ്ങളില്‍ എതിര് താരങ്ങളെ പ്രകോപിപ്പിക്കാന്‍ മടിക്കില്ലെന്നും ഗാംഗുലിക്കെതിരേ അത്തരമൊരു തന്ത്രമാണ് വോണ്‍ പയറ്റിയതെന്നും ചാപ്പല്‍ പറഞ്ഞു.
8 March 2022 7:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചത്. തായ്ലന്ഡില് അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് താരത്തിന്റെ അപ്രതീക്ഷിത വിയോഗം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചു. ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം വോണി അനുസ്മരിച്ച് രംഗത്തു വരികയും ചെയ്തു.
വോണിനൊപ്പമുള്ള നിമിഷങ്ങളും വോണിന്റെ രീതികളുമെല്ലാം പലരും അനുസ്മരിച്ചിരുന്നു. അതില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പലിന്റെ ഒരനുസ്മരണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഒരിക്കല്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയെ പുറത്താക്കാന്‍ വോണ്‍ പുറത്തെടുത്ത തന്ത്രത്തെക്കുറിച്ചാണ് ചാപ്പല്‍ പറയുന്നത്. ക്രിക്കറ്റ് ലോകത്ത് സ്ളെഡ്ജിങ്ങിന്റെ ആശാന്മാരായാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അറിയപ്പെടുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു താരമല്ലാത്ത വോണ്‍ ചിലയവസരങ്ങളില്‍ എതിര് താരങ്ങളെ പ്രകോപിപ്പിക്കാന്‍ മടിക്കില്ലെന്നും ഗാംഗുലിക്കെതിരേ അത്തരമൊരു തന്ത്രമാണ് വോണ്‍ പയറ്റിയതെന്നും ചാപ്പല്‍ പറഞ്ഞു.
1998-ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഉണ്ടായ സംഭവമാണ് ചാപ്പല്‍ ഓര്‍മിച്ചത്. ''അഡ്ലെയ്ഡിലാണ് ആ ടെസ്റ്റ് നടക്കുന്നത്. പന്തെറിയുന്നത് വോണാണ്. ക്രീസില്‍ ഗാംഗുലിയും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ സച്ചിന് തെണ്ടുല്‍ക്കറുമാണ്. ഗാംഗുലിക്കെതിരേ വോണ്‍ എറൗണ്ട് ദ വിക്കറ്റായി മൂന്നു നാല് പന്ത് ഫുട്മാര്ക്കിലേക്ക് വൈഡ് ആയി എറിഞ്ഞു. ഗാംഗുലി അതെല്ലാം പ്രതിരോധിച്ചു. ഉടനെയാണ് വോണ്‍ തന്റെ തന്ത്രം പയറ്റിയത്'' -ചാപ്പല്‍ പറഞ്ഞു.
''ഗാംഗുലിക്ക് അടുത്തേക്കു നടന്നു ചെന്ന വോണ്‍ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. അതിന് കൂട്ടുപിടിച്ചതോ സച്ചിനെയും. ഗാംഗുലിയോടു വോണ്‍ പറഞ്ഞു - 'സുഹൃത്തേ, 40,000 കാണികള്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങള്‍ ഇങ്ങനെ പന്ത് കൊട്ടിയിടുന്നത് കാണാനല്ല, സച്ചിന്റെ ഷോട്ടുകള്‍ കാണാനാണ്.' ഇതില്‍ ഗാംഗുലി പ്രകോപിതനായി. വോണിന്റെ തൊട്ടടുത്ത ഓവറില്‍ ക്രീസിനു പുറത്തിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗാംഗുലിക്കു പിഴച്ചു. വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് സ്റ്റംപ് ചെയ്യുകയും ചെയ്തു''- ചാപ്പന് ഓര്‍മിച്ചു.
മത്സരത്തില്‍ സച്ചിന് 61 റണ്‍സും ഗാംഗുലി 60 റണ്‍സും നേടിയിരുന്നെന്നും ഇരുവരെയും പുറത്താക്കിയത് വോണായിരുന്നുവെന്നും ചാപ്പല്‍ പറഞ്ഞു. മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ആ പര്യടനത്തില്‍ ഇന്ത്യ ഓസീസ് മണ്ണില്‍ കളിച്ചത്. 2-1 എന്ന നിലയില്‍ ഓസീസ് ഇന്ത്യയെ തോല്പിക്കുകയും ചെയ്തു.