അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ഇന്ത്യന് ക്രിക്കറ്റ് താരം ശിഖര് ധവാന്. ഏകദിന ക്രിക്കറ്റില് ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്മാരില് ഒരാളായ ധവാന് അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്ണമെന്റുകളില് നിന്നാണ് കളമൊഴിയുന്നത്. സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഞാന് ഇപ്പോള് ക്രിക്കറ്റിനോട് വിടപറയുകയാണ്. എന്റെ രാജ്യത്തിന് വേണ്ടി കളിക്കാന് സാധിച്ചതില് ഞാന് സംതൃപ്തനാണ്. അതിനായി അവസരം നല്കിയ ബിസിസിഐയോടും ഡിഡിസിഎയോടും (ഡല്ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്) നന്ദി പറയുന്നു. ഇത്രയും കാലം എനിക്ക് സ്നേഹവും പിന്തുണയും നല്കിയ ആരാധകര്ക്കും നന്ദി', ധവാന് വീഡിയോയില് പറഞ്ഞു.
നീണ്ട 20 വര്ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ധവാന് വിരാമം കുറിച്ചിരിക്കുന്നത്. 2010 ഒക്ടോബറില് ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില് അരങ്ങേറ്റം കുറിച്ച ധവാന് ഇടംകൈയ്യന് ഓപ്പണിങ് ബാറ്ററെന്ന നിലയില് ടീമില് തന്റേതായ സ്ഥാനമുറപ്പിച്ചു. 2013 മുതല് മൂന്ന് ഫോര്മാറ്റുകളിലെയും ടീമില് സ്ഥിരസാന്നിധ്യമായി.
ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില് നിന്ന് 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക് റേറ്റിലും 6793 റണ്സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില് നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില് നിന്ന് 27.92 ശരാശരിയോടെ 1759 റണ്സാണ് ധവാന് അടിച്ചുകൂട്ടിയത്. 11 അര്ധ സെഞ്ച്വറികളും ഇതില് ഉള്പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള് കളിച്ച ധവാന് 40.61 ശരാശരിയില് 2315 റണ്സും നേടിയിട്ടുണ്ട്.
2015 ഏകദിന ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല് റണ്സ് നേടിയ താരമാണ് ധവാന്. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന് കുപ്പായമണിയുന്നത്. പിന്നീട് ഐപിഎല്ലില് പഞ്ചാബ് കിങ്സിന്റെ നിര്ണായക താരമായി ധവാന് കളം നിറഞ്ഞു.