
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 43 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും ലങ്കയെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനും മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറാന്‍ സാധിച്ചു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം ഞെട്ടിക്കുന്നതായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും തകര്‍ത്തടിച്ച് ഇന്ത്യയെ വിറപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ചു. അവസാനത്തെ 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വിട്ടുനല്‍കി ലങ്കയുടെ ഒന്‍പത് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.
26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മന്‍ ഗില്‍ 16 പന്തില്‍ 34 റണ്‍സും റിഷഭ് പന്ത് 33 പന്തില്‍ 49 റണ്‍സുമെടുത്തു. ശ്രീലങ്കക്കായി മതീഷ പതിരാന നാലു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കന്‍ ഓപ്പണര്‍മാര്‍ പതറാതെ പവര്‍പ്ലേയില്‍ 55 റണ്‍സെടുത്തു. പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സ് അടിച്ചെടുത്താണ് സന്ദര്‍ശകരെ ഞെട്ടിച്ചത്. 8.4 ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 45 റണ്‍സെടുത്താണ് താരം മടങ്ങിയത്.
വണ്‍ഡൗണായി ക്രീസിലെത്തിയ കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് നിസ്സങ്ക അടിച്ചുതകര്‍ത്തു. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് നിസ്സങ്ക- കുശാല്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 15-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്കായത്. 48 പന്തില്‍ നിന്ന് നാല് സിക്സും ഏഴ് ഫോറുമടക്കം 79 റണ്‍സെടുത്ത് നിസ്സങ്കയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി.
അതേ ഓവറിലെ അവസാന പന്തില്‍ കുശാല്‍ പെരേരയെയും അക്‌സര്‍ പുറത്താക്കി. 14 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം കൈയിലാക്കി. ക്യാപ്റ്റന്‍ ചരിത് അസലങ്ക (0), ദസുന്‍ ശാനക (0), കാമിന്ദു മെന്‍ഡിസ് (12), വാനിന്ദു ഹസരംഗ (2) എന്നിവര്‍ക്ക് ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യ വിജയം പിടിച്ചെടുത്തു.