'ടി20 ലോകകപ്പിൽ എനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷം അതാണ്'; തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

അശ്വിന്റെ യൂട്യുബ് ചാനലിലാണ് താരത്തിന്റെ പ്രതികരണം

dot image

ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ലോകകപ്പ് വിജയത്തിന് ശേഷം ലോകകിരീടം വിരാട് കോഹ്‍ലി അത് പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിന് കൈമാറി. ലോകകിരീടത്തെ ആലിംഗനം ചെയ്യുമ്പോൾ ദ്രാവിഡിന്റെ കണ്ണ് നിറഞ്ഞു. പിന്നാലെ ദ്രാവിഡ് ആവേശഭരിതനായി. ദ്രാവിഡ് ലോകവിജയം ആസ്വദിക്കുന്നത് താൻ കണ്ടു. ആ നിമിഷമാണ് ലോകകപ്പിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു.

എല്ലാം നേടിയ രാഹുൽ ദ്രാവിഡിനെക്കുറിച്ചും തനിക്ക് സംസാരിക്കണമെന്ന് അശ്വിൻ പറഞ്ഞു. 2007ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുമ്പോൽ രാഹുൽ ദ്രാവിഡായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ഏതാനും മാസങ്ങൾക്ക് ശേഷം രാഹുൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെയും ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്തെങ്കിലും മോശമായി സംഭവിച്ചാൽ, ടീം ഒരു മത്സരം പരാജയപ്പെട്ടാൽ ദ്രാവിഡ് എന്ത് ചെയ്യുകയായിരുന്നുവെന്ന് ആളുകൾ ചോദിക്കുമെന്ന് അശ്വിൻ പറഞ്ഞു.

കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി ദ്രാവിഡിനെ തനിക്ക് അറിയാം. ഇന്ത്യൻ ടീമിനായി അയാൾ എത്രയധികമായി കഠിനാദ്ധ്വാനം ചെയ്തുവെന്ന് തനിക്ക് അറിയാം. ഓരോ താരത്തിന്റെയും കഴിവുകൾ വർദ്ധിപ്പിക്കാൻ ദ്രാവിഡ് ശ്രമിച്ചു. ​ഗ്രൗണ്ടിന് പുറത്ത് ചിലപ്പോൾ വീട്ടിൽ ഇരിക്കുമ്പോൾ പോലും ദ്രാവിഡ് ചിന്തിച്ചിരുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർച്ചയെക്കുറിച്ചായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.

dot image
To advertise here,contact us
dot image