'നടക്കാന്‍ കഴിയാത്തിടത്തുനിന്നും തിരിച്ചെത്തിയവനാണ് പന്ത്'; ആശങ്ക വേണ്ടെന്ന് റിക്കി പോണ്ടിംഗ്

'ഇനിയൊരിക്കലും അവന് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലേയെന്ന ഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു'
'നടക്കാന്‍ കഴിയാത്തിടത്തുനിന്നും തിരിച്ചെത്തിയവനാണ് പന്ത്'; ആശങ്ക വേണ്ടെന്ന് റിക്കി പോണ്ടിംഗ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ചും മുന്‍ ഓസീസ് താരവുമായ റിക്കി പോണ്ടിംഗ്. കഴിഞ്ഞ സീസണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പന്ത് മികച്ച തിരിച്ചുവരവാണ് ഈ സീസണില്‍ നടത്തിയത്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ പന്തിന് സാധിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

'കഴിഞ്ഞ ഐപിഎല്ലിനിടെ ഞാന്‍ റിഷഭ് പന്തിനൊപ്പം കുറച്ചുമാസം ചിലവഴിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ വാഹനാപകടം നടന്ന് മൂന്നോ നാലോ മാസങ്ങള്‍ മാത്രം ആയിരുന്നു. ഇനിയൊരിക്കലും അവന് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലേയെന്ന ഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു. അന്ന് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ സമയത്ത് മാനസികമായും ശാരീരികമായും അദ്ദേഹം കടന്നുപോയ അവസ്ഥ നമുക്ക് അറിയില്ല', പോണ്ടിംഗ് പറഞ്ഞു.

'ഊന്നുവടിയുടെ സഹായത്തോടെയാണ് പന്ത് നടന്നിരുന്നത്. അടുത്ത സീസണില്‍ നീ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അന്ന് ഞാന്‍ അവനോട് ചോദിച്ചു. പേടിക്കണ്ട, ഞാന്‍ പഴയതുപോലെയാവുമെന്ന് അവന്‍ എന്നെ നോക്കി പറഞ്ഞു. അതിന് ശേഷം അവന്‍ നന്നായി തിരിച്ചുവന്നു', പോണ്ടിംഗ് തുറന്നുപറഞ്ഞു.

'നടക്കാന്‍ കഴിയാത്തിടത്തുനിന്നും തിരിച്ചെത്തിയവനാണ് പന്ത്'; ആശങ്ക വേണ്ടെന്ന് റിക്കി പോണ്ടിംഗ്
'നിരാശരാവരുത്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു'; ഹൈദരാബാദ് താരങ്ങളെ ആശ്വസിപ്പിച്ച് കാവ്യ മാരന്‍

ക്യാപിറ്റല്‍സിനെ സംബന്ധിച്ചിടത്തോളം പന്തിന്റെ വിക്കറ്റ് കീപ്പിംഗിലാണ് ആശങ്ക ഉണ്ടായിരുന്നതെന്നും പോണ്ടിംഗ് സമ്മതിച്ചു. പന്തിന്റെ ബാറ്റിംഗിനെ കുറിച്ച് ആര്‍ക്കും ആശങ്ക ഉണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റംപിന് മുന്നിലും പിന്നിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത പന്ത് ഇന്ത്യയുടെ ലോകകപ്പില്‍ ഇടം നേടുകയും ചെയ്തു. ഇങ്ങനെയൊരു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയ പന്തിന് ലോകകപ്പിലും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ച വെച്ചത്. 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 388 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. വ്യക്തിഗതമായി തിളങ്ങാനായെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലെത്തിക്കാന്‍ ക്യാപ്റ്റന്‍ പന്തിന് സാധിച്ചിരുന്നില്ല. 14 മത്സരത്തില്‍ നിന്ന് ഏഴ് വിജയവും 14 പോയിന്റുമായി ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com