'ധോണിയെ നഷ്ടപ്പെടുത്താനാവില്ല, റിസ്ക്കുണ്ട്'; ആ സാന്നിധ്യം ടീമിന് ആവശ്യമുണ്ടെന്ന് ഫ്‌ളെമിങ്

'ഞങ്ങള്‍ക്ക് ഒരു മികച്ച ബാക്കപ്പ് കീപ്പറെ കിട്ടിയിട്ടുണ്ട്'
'ധോണിയെ നഷ്ടപ്പെടുത്താനാവില്ല, റിസ്ക്കുണ്ട്'; ആ സാന്നിധ്യം ടീമിന് ആവശ്യമുണ്ടെന്ന് ഫ്‌ളെമിങ്

അഹമ്മദാബാദ്: സൂപ്പര്‍ താരം എം എസ് ധോണിയുടെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. പരിക്ക് കാരണമാണ് ധോണി ഒന്‍പതാം നമ്പറില്‍ ഇറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഐപിഎല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന ഗുജറാത്ത്- ചെന്നൈ മത്സരത്തിന് മുന്നോടിയായി ധോണിയുടെ ഫിറ്റ്നസിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു കോച്ച് ഫ്‌ളെമിങ്.

'ധോണിയെ കൊണ്ട് കൂടുതല്‍ ബാറ്റ് ചെയ്യിപ്പിക്കുന്നത് റിസ്‌ക്കാണ്. കാലിലെ പരിക്ക് കാരണം കൂടുതല്‍ നേരം ബാറ്റ് ചെയ്താല്‍ അദ്ദേഹത്തെ നമുക്ക് സീസണില്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒന്‍പതാം നമ്പറിലാണ് അദ്ദേഹം ബാറ്റിങ്ങിനിറങ്ങുന്നത് എന്നതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചുകാണരുത്', ഫ്‌ളെമിങ് പറയുന്നു.

മുന്‍ ക്യാപ്റ്റനായുള്ള ധോണിയുടെ സാന്നിധ്യം പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് സഹായകമാകുമെന്നും ഫ്‌ളെമിങ് അഭിപ്രായപ്പെട്ടു. 'ഞങ്ങള്‍ക്ക് ഒരു മികച്ച ബാക്കപ്പ് കീപ്പറെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് എം എസ് ധോണിയല്ല എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് ധോണിയെ മൈതാനത്ത് നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അവസാന രണ്ടോ മൂന്നോ നാലോ ഓവര്‍ മാത്രമാണെങ്കിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന്റെ കീപ്പിങ്ങും പുതിയ ക്യാപ്റ്റന് തന്ത്രപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള കഴിവും വളരെ പ്രധാനമാണ്', ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

ധോണി ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നതിനെതിരെ മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്നെയാണ് ധോണിയുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാലിന്റെ പേശിക്കേറ്റ പരിക്ക് കാരണം ധോണിക്ക് കൂടുതല്‍ ദൂരം ഓടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകളുടെ സഹായത്തില്‍ മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com