രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം; ബംഗ്ലാദേശിനെതിരായ ലീഡ് 200 കടന്നു

രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം; ബംഗ്ലാദേശിനെതിരായ ലീഡ് 200 കടന്നു

ധനഞ്ജയ ഡി സില്‍വയും വിശ്വ ഫെര്‍ണാണ്ടോയുമാണ് ക്രീസിലുള്ളത്

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയുടെ ലീഡ് 200 കടന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. നേരത്തെ ബംഗ്ലാദേശിനെ 188 റണ്‍സിന് പുറത്താക്കിയ ശ്രീലങ്കയ്ക്ക് നിലവില്‍ 211 റണ്‍സിന്റ ലീഡാണുള്ളത്.

23 റണ്‍സെടുത്ത് ധനഞ്ജയ ഡി സില്‍വയും രണ്ട് റണ്‍സുമായി വിശ്വ ഫെര്‍ണാണ്ടോയുമാണ് ക്രീസിലുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ദിമുത് കരുണരത്‌നെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 107 പന്തില്‍ 52 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നിഷാന്‍ മധുശങ്ക (10), കുശാല്‍ മെന്‍ഡിസ് (3), ഏയ്ഞ്ചലോ മാത്യൂസ് (22), ദിനേശ് ചന്‍ഡിമല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ മൂന്നിന് 32 എന്ന സ്‌കോറില്‍ നിന്നാണ് രണ്ടാം ദിനം ബംഗ്ലാദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 47 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ നാല് വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിതയും ലഹിരു കുമാരയും മൂന്ന് വീതം വിക്കറ്റുകളും നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com