
കൊളംബോ: എട്ടാമത് ഏഷ്യാ കപ്പ് കിരീടത്തില് മുത്തമിട്ട ഇന്ത്യയുടെ വിജയശില്പ്പിയായത് പേസര് മുഹമ്മദ് സിറാജ് ആയിരുന്നു. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളില് ഒന്നായിരുന്നു സിറാജ് ശ്രീലങ്കക്കെതിരെ എറിഞ്ഞത്. 21 റണ്സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യയുടെ വിജയത്തില് നിര്ണായക പങ്കുവഹിച്ചത്. ലങ്കയുടെ മുന്നിരയൊന്നാകെ സിറാജിന് മുന്നില് മുട്ടുമടക്കിയപ്പോള് വെറും 50 റണ്സിന് ആതിഥേയര് ഓള്ഔട്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സിറാജ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സും കീഴടക്കുകയാണിപ്പോള്.
ഏകദിന കരിയറില് ആദ്യമായി പ്ലേയര് ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സിറാജ് മത്സരശേഷം തനിക്ക് ലഭിച്ച സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകള്ക്ക് നല്കിയിരിക്കുകയാണ്. സമ്മാനത്തുകയായി ലഭിച്ച 5000 ഡോളറാണ് സിറാജ് പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്ക്ക് സമ്മാനിച്ചത്. 'ഈ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകള്ക്ക് നല്കാന് ഞാന് ആഗ്രഹിക്കുന്നു. അവര് അത് അര്ഹിക്കുന്നുണ്ട്. അവരില്ലായിരുന്നെങ്കില് ഈ ടൂര്ണമെന്റ് വിജയകരമായി നടക്കില്ലായിരുന്നു', സമ്മാനദാനചടങ്ങില് സിറാജ് പറഞ്ഞു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില് നടന്ന കലാശപ്പോരില് ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്ത്താണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്ത്തിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്സെന്ന ചെറിയ വിജയലക്ഷ്യം 6.1 ഓവറില് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. ഏഷ്യാകപ്പില് ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യയുടെ വിജയത്തില് നിര്ണായക പങ്കുവഹിച്ചത്. ഏഴ് ഓവര് പന്തെറിഞ്ഞ സിറാജ് വെറും 21 റണ്സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തു. മത്സരത്തിന്റെ നാലാം ഓവറില് നാല് വിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് കനത്ത പ്രഹരമാണ് സിറാജ് ഏല്പ്പിച്ചത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഇന്ത്യന് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഇന്നത്തെ മത്സരത്തില് ആദ്യ ഓവറിലെ മൂന്നാം പന്തില് കുശാല് പെരേരയുടെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്രയാണ് ആതിഥേയരുടെ തകര്ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്ന്ന് അഞ്ച് വിക്കറ്റുകള് നേടി സിറാജ് ലങ്കയുടെ ഹൃദയം തകര്ത്തു. മൂന്നാം ഓവറിലെ ആദ്യ പന്തില് പതും നിസ്സങ്ക (2), മൂന്നാം പന്തില് സധീര സമരവിക്രമ (0), നാലാം പന്തില് ചരിത് അസലങ്ക (0), ആറാം പന്തില് ധനഞ്ജയ ഡി സില് (4) എന്നിങ്ങനെ ലങ്കയുടെ മുന്നിര ബാറ്റര്മാര്ക്കെല്ലാം സിറാജിന് മുന്നില് മുട്ടുമടക്കേണ്ടി വന്നു. ആറാം ഓവറില് ലങ്കന് ക്യാപ്റ്റന് ദസുന് ശനകയെയും (0) 12ാം ഓവറില് കുശാല് മെന്ഡിസിനെയും (17) ലങ്കന് ക്യാംപിലേക്ക് മടക്കിയയച്ചാണ് സിറാജ് തന്റെ വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്.