ഇന്ത്യക്ക് തിരിച്ചടി; അക്‌സറിന് ഏഷ്യാ കപ്പ് ഫൈനല്‍ നഷ്ടമാകും, പകരക്കാരനായി യുവതാരം

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റതാണ് അക്‌സര്‍ പട്ടേലിന് വിനയായത്
ഇന്ത്യക്ക് തിരിച്ചടി; അക്‌സറിന് ഏഷ്യാ കപ്പ് ഫൈനല്‍ നഷ്ടമാകും, പകരക്കാരനായി യുവതാരം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഫൈനലിനിറങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഞായറാഴ്ച ശ്രീലങ്കക്കെതിരായി നടക്കുന്ന ഫൈനല്‍ മത്സരത്തിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഉണ്ടായേക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റതാണ് അക്‌സര്‍ പട്ടേലിന് വിനയായത്. താരത്തിന് പകരമായി യുവതാരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടംനേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ അക്‌സറിന് പരിക്കേറ്റെങ്കിലും ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ താരം ഇറങ്ങിയിരുന്നു. മത്സരത്തില്‍ 34 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി അക്‌സര്‍ തിളങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വിജയിക്കാനായിരുന്നില്ല. ആറ് റണ്‍സിനായിരുന്നു ഇന്ത്യ പരാജയം വഴങ്ങിയത്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നത്.

അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലും അക്‌സര്‍ പട്ടേലുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ പരീക്ഷണത്തിന് നില്‍ക്കാതെ താരത്തിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. അക്‌സറിന് പകരക്കാരനായി എത്തുന്ന വാഷിങ്ടണ്‍ സുന്ദര്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്. ബെംഗളൂരുവിലെ ഇന്ത്യന്‍ ക്യാംപില്‍ പരിശീലനത്തിലായിരുന്നു താരം. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് വാഷിങ്ടണ്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com