ഗില്ലിന്റെ സെഞ്ച്വറി പാഴായി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോല്‍വി

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്
ഗില്ലിന്റെ സെഞ്ച്വറി പാഴായി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോല്‍വി

കൊളംബോ: ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒരു പന്ത് ബാക്കിനില്‍ക്കേ 259 റണ്‍സിന് എല്ലാ വിക്കറ്റും നഷ്ടമായി. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനൊപ്പം അക്‌സര്‍ പട്ടേലൊഴികെ മറ്റാരും തിളങ്ങാതിരുന്നതോടെയാണ് ഇന്ത്യക്ക് മുട്ടുമടക്കേണ്ടി വന്നത്. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍ സാകിബ് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹിറ്റ്മാന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്നെ പുറത്തായത് ഇന്ത്യന്‍ ക്യാംപിനെ ഞെട്ടിച്ചു. തന്‍സിം ഹസന്‍ സാക്കിബ് ആണ് രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ്മയും (5) മടങ്ങിയതോടെ ഇന്ത്യ പതറി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ശുഭ്മാന്‍ ഗില്‍ - കെ എല്‍ രാഹുല്‍ സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് പുതുജീവന്‍ നല്‍കി. എന്നാല്‍ 18-ാം ഓവറില്‍ രാഹുലിനെ ഷമിം ഹുസൈന്റെ കൈകളിലെത്തിച്ച് മഹെദി ഹസന്‍ കൂട്ടുകെട്ട് തകര്‍ത്തു. 39 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 19 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും (5) നിരാശപ്പെടുത്തി. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ഗില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാറിനെ 33-ാം ഓവറില്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്താക്കി. പിന്നാലെ കാര്യമായ സംഭാവനയില്ലാതെ രവീന്ദ്ര ജഡേജയും (7) മടങ്ങി.

ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ക്രീസിലുറച്ചു നിന്ന ഗില്ലിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍. 117 പന്തില്‍ സെഞ്ചുറിയിലെത്തിയ ഗില്‍ പിന്നീട് തകര്‍ത്തടിച്ചത് ഇന്ത്യ വിജയിക്കുമെന്ന് തോന്നിപ്പിച്ചു. 133 പന്തില്‍ 121 റണ്‍സ് നേടിയ ഗില്ലിനെ മഹെദി ഹസന്‍ തൗഹിദ് ഹൃദോയിയുടെ കൈകളിലെത്തിച്ച് മടക്കി. ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നതിനു പിന്നാലെയായിരുന്നു ഗില്ലിന്റെ മടക്കം. എന്നാല്‍ എട്ടാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത അക്‌സര്‍-ഷാര്‍ദ്ദുല്‍ താക്കൂര്‍ സഖ്യം വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 49-ാം ഓവറില്‍ താക്കൂറിനെയും (11) അക്‌സറിനെയും പുറത്താക്കി മുസ്തഫിസുര്‍ കളി ബംഗ്ലാദേശിന് അനുകൂലമാക്കി. മുഹമ്മദ് ഷമി അവസാന ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൗട്ടായതോടെ ബംഗ്ലാദേശ് ആശ്വാസ വിജയം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 265 റണ്‍സ് നേടിയത്. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ച്വറികളാണ് മികച്ച സ്‌കോറിലെത്തിച്ചത്. 85 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com