ഏഷ്യാ കപ്പിലെ മഴക്കളി; ജയ് ഷായ്ക്കെതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യൻ മുൻ താരം

ഏഷ്യാ കപ്പിൽ ഇനിയുള്ള മത്സരം മഴ മുടക്കിയാൽ ഇന്ത്യ പുറത്താകാൻ സാധ്യതയുണ്ട്
ഏഷ്യാ കപ്പിലെ മഴക്കളി; ജയ് ഷായ്ക്കെതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യൻ മുൻ താരം

ഡൽഹി: ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ തുടർച്ചയായി മഴ തടസപ്പെടുത്തുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ​ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരത്തിനിടയിലും മഴ വില്ലനായെത്തി. സൂപ്പർ ഫോറിലെ ഇന്ത്യ - പാക് മത്സരത്തിലും മഴ വില്ലനായി. മഴ ശക്തമായതിനാൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ പരോക്ഷ വിമർശനം ഉയർത്തുകയാണ് ഇന്ത്യൻ മുൻ താരം വെങ്കിടേഷ് പ്രസാദ്.

അഴിമതി ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ കഠിനാധ്വാനം ഇല്ലാതാക്കാനും ആ സ്ഥാപനത്തിന്റെ മുഴുവൻ പ്രശസ്തി നശിപ്പിക്കാനും അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാൾക്ക് കഴിയും. രാഷ്ട്രീയത്തിലും കായിക മേഖലയിലും മാധ്യമപ്രവർത്തനത്തിലും വ്യവസായ മേഖലയിലുമെല്ലാം ഇത് സംഭവിക്കാം എന്നും വെങ്കിടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ ജയ് ഷായ്ക്കെതിരെ ആരാധകരോക്ഷവും ശക്തമാണ്. ബം​ഗ്ലാദേശും യുഎഇയും വേദിയാക്കാമായിരുന്നിട്ടും ശ്രീലങ്ക തിരഞ്ഞെടുത്തത് ജയ് ഷായുടെ ബുദ്ധിശൂന്യതയാണെന്നാണ് ആരാധകരുടെ ആക്ഷേപം. ഏഷ്യാ കപ്പിൽ ഇനിയുള്ള മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട്. മഴ തുടർന്നാൽ നിലവിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള പാകിസ്താനും ശ്രീലങ്കയും ഫൈനലിൽ കടക്കും. ഇതോടെ പുറത്താകുന്നത് ഇന്ത്യ ആവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com