Top

'കടുവ പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും കളക്ഷന്‍ വാരുന്ന സിനിമ': ലിസ്റ്റിന്‍ സ്റ്റീഫന്‍ അഭിമുഖം

'ഈ സിനിമ തിയേറ്ററിൽ പോയി കാണണം എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ മാത്രമേ തിയേറ്ററിലേക്ക് ആളുകൾ വരൂ'

7 July 2022 1:19 PM GMT
ജോയേല്‍ സ്റ്റാലിന്‍

കടുവ പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും കളക്ഷന്‍ വാരുന്ന സിനിമ: ലിസ്റ്റിന്‍ സ്റ്റീഫന്‍ അഭിമുഖം
X

പൃഥ്വിരാജ് നായകനായ ചിത്രം 'കടുവ' ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ തിരിച്ചുവരവ് എന്നും പൃഥ്വിരാജിന്റെ കിടിലൻ ആക്ഷൻ കഥാപാത്രം എന്നുമൊക്കെയാണ് പ്രേക്ഷകർ സിനിമയെക്കുറിച്ച് പറയുന്നത്. 2019ൽ പ്രഖ്യാപിച്ചപ്പോൾ മുതൽ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് വരെയുള്ള 'കടുവ'യുടെ യാത്ര അത്ര എളുപ്പമുള്ളത് ആയിരുന്നില്ല. കൊവിഡ് മുതൽ ജോസ് കുരുവിനാക്കുന്നൽ എന്ന വ്യക്തിയുടെ പരാതി വരെ ഏറെ പ്രതിസന്ധികൾ സിനിമയ്ക്ക് നേരിടേണ്ടി വന്നു. ഇപ്പോൾ 'കടുവ' തിയേറ്ററുകളിൽ വലിയ ആവേശത്തോടെ തന്നെ സ്വീകരിക്കപ്പെടുകയാണ്. സിനിമയുടെ വിജയം റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

'കടുവ'യ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നു. അതിനാൽ തന്നെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികൾ?

പ്രേക്ഷകർ സിനിമയുടെ സ്വീകരിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താൽ പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ കരിയറിൽ ഏറ്റവും അധികം കളക്ഷൻ വാരാൻ സാധ്യതയുള്ള സിനിമയായിരിക്കും 'കടുവ'. ഇത്തരം മാസ് സിനിമകളെ പ്രേക്ഷകർ സ്വീകരിക്കും. യാതൊരു പരിമിതികളും ഇല്ലാതെ കാണാൻ സാധിക്കുന്ന സിനിമയാണ് 'കടുവ'. എല്ലാ തിയേറ്ററുകളും നമ്മളോട് കോംപ്ലക്സ് ലൈസൻസ് കൊടുക്കുവാനും സ്‌ക്രീനുകളുടെ എണ്ണം കൂട്ടുവാനും ആവശ്യപെടുന്നുണ്ട്. നമ്മൾ വേണ്ടുന്ന രീതിയിൽ വർധിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. അമ്പതോളം സ്ക്രീനുകൾ വർധിപ്പിക്കും. തിയേറ്ററുടമകൾ വിളിച്ച് ഷോ കൂട്ടുവാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ മഴയുടെ സീസൺ കൂടിയാണല്ലോ. അതൊക്കെ നോക്കിയ ശേഷം കൂടുതൽ വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

'നരസിംഹം', 'വല്യേട്ടൻ', 'കമ്മീഷണർ' തുടങ്ങിയ സിനിമകൾ ഒരുക്കിയ മാസ് സംവിധായകന്റെ തിരിച്ചുവരവ് എന്നാണ് കടുവയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഷാജി കൈലാസിൽ അർപ്പിച്ച കോൺഫിഡൻസ്?

'കടുവ' ഒരു വലിയ സിനിമയാണ്. നമുക്ക് അത് ശക്തമായി അവതരിപ്പിക്കാൻ പറ്റുന്ന ഒരു സംവിധായകൻ വേണം. നല്ല ഒരു തിരക്കഥ ഏറ്റവും മികച്ച സിനിമ നൽകുന്ന സംവിധായകനാണ് ഷാജി കൈലാസ്. എപ്പോഴും അപ്ഡേറ്റഡ് ആയ ടെക്‌നീഷ്യൻ ആണ്‌ അദ്ദേഹം. ഞങ്ങളുടെ കൈയ്യിൽ ഈ തിരക്കഥ എത്തിയപ്പോൾ രാജു ഷാജിയേട്ടനെ വിളിച്ച് അറിയിച്ചു. അദ്ദേഹത്തിനും തിരക്കഥ ഇഷ്ടമായതോടെ സിനിമ സംഭവിച്ചു.

സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചു. തുടർഭാഗത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഘടകങ്ങൾ?

'കടുവ' ഹിറ്റായാൽ ഒരു രണ്ടാം ഭാഗം ചെയ്യണം എന്ന് ആദ്യം മുതൽക്കേ ചർച്ചയിൽ ഉണ്ടായിരുന്നു. വിവേക് ഒബ്‌റോയിയോട് കഥ പറയുമ്പോൾ തന്നെ രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയിരുന്നു. അദ്ദേഹം ഏറെ ആവേശത്തോടെ ചോദിച്ചിരുന്നു. സിനിമ ഹിറ്റായാൽ ഒരു നിർമ്മാതാവാണ് രണ്ടാം ഭാഗത്തിനായി നിർബന്ധിക്കേണ്ടത്. ഒരു ഹിറ്റായ സിനിമയുടെ തുടർഭാഗം വന്നാൽ അതിന് സ്വീകാര്യത ലഭിക്കും. അപ്പോൾ നമുക്ക് ആ സിനിമയെ കുറച്ചുകൂടെ വലിയ സ്കെയിലിൽ സമീപിക്കാൻ സാധിക്കും. അങ്ങനെ മാത്രമേ മറ്റു ഭാഷകൾ പോലെ നമ്മുടെ സിനിമകളുടെ വലിയ ബജറ്റിൽ ഒരുക്കാൻ സാധിക്കുകയുള്ളു.

പൃഥ്വിരാജ് എന്ന നടന്റെ കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയുണ്ട്. അദ്ദേഹത്തിന്റെ മാർക്കറ്റ് 'കടുവ'യ്ക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട്?

മറ്റു സംസ്ഥാനങ്ങളിൽ അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യും. അവിടെയും വൈഡ് റിലീസ് തന്നെയാണ്. സെൻസറിങ് പ്രശ്നങ്ങൾ വന്നതുകൊണ്ടാണ് റിലീസ് വൈകിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ മറ്റു ഭാഷകളിലായി കടുവ 400ൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നുണ്ട്.

സെൻസറിങ് ഉൾപ്പടെ ഏറെ പ്രതിസന്ധികൾ സിനിമ നേരിട്ടു. അപ്പോഴെല്ലാം അണിയറപ്രവർത്തകരിൽ നിന്നും പ്രതികരണങ്ങൾ വിരളമായിരുന്നല്ലോ?

സിനിമയുടെ ബന്ധപ്പെട്ട് നടന്ന കേസിൽ നമുക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് ഞങ്ങൾക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പോലും ലഭിച്ചത്. നമുക്ക് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ അഡ്വാൻസ് ബുക്കിംഗ് തുടങ്ങാൻ പറ്റുകയുള്ളു. ചിത്രം ഈ ദിവസം റിലീസ് ചെയ്യുമോ ഇല്ലയോ എന്നുള്ള സംശയങ്ങൾ തിയേറ്ററുടമകൾക്ക് ഉണ്ടായിരുന്നു. നമ്മുടെ പ്രൊഡക്ഷൻ ഹൗസിന്റെ ബ്രാൻഡ് വാല്യൂ കൊണ്ടാണ് അവർ നമ്മളെ നൂറ് ശതമാനം വിശ്വസിച്ച് നിന്നത്.

ആളില്ലാത്ത അവസ്ഥയിൽ നിന്നും തിയേറ്ററുകളെ നിറക്കാൻ കടുവയ്ക്ക് സാധിക്കുന്നു. പ്രേക്ഷകർ തിയേറ്ററുകളിൽ നിന്നും അകലുന്നതിന് എന്താകാം പ്രധാന കാരണം?

ഈ വർഷം ഒരുപാട് സിനിമകൾ വന്നു. എന്നാൽ നല്ല സിനിമകൾ എത്രെയെണ്ണം വന്നു എന്നതാണ് ചോദ്യം. അതുപോലെ തിയേറ്ററിൽ സിനിമ എത്തിക്കും മുന്നേ പ്രേക്ഷകരിലേക്ക് കൊടുക്കേണ്ട ടീസർ, ട്രെയ്‌ലർ കണ്ടന്റുകൾ ഉണ്ടല്ലോ. ഈ സിനിമ തിയേറ്ററിൽ പോയി കാണണം എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ മാത്രമേ തിയേറ്ററിലേക്ക് ആളുകൾ വരൂ. അല്ലാതെ ചെറുകിട സിനിമകൾ പിക്കപ്പ് ചെയ്യാൻ പ്രയാസമാണ് എന്നാണ് തോന്നുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം ചെറിയ സിനിമകൾ ആണ് എല്ലാവരും എടുത്തുകൊണ്ടിരുന്നത്. വീടിനുള്ളിൽ നടക്കുന്നതും ഒന്നോ രണ്ടോ ലൊക്കേഷൻ മാത്രമുള്ളതുമായ സിനിമകൾ. വലിയ ക്യാൻവാസിൽ ചെയ്യാൻ സാധിക്കില്ലല്ലോ. അമ്പത് പേരെന്ന പരിമിതികൾ ഒക്കെയുണ്ടായിരുന്നല്ലോ. ലാലേട്ടന്റെ ആണെങ്കിലും 'മോൺസ്റ്റർ', 'എലോൺ', 'ട്വൽത്ത് മാൻ' അങ്ങനെ ചെറിയ ബജറ്റ് സിനിമകൾ ആണല്ലോ ഒരുങ്ങുന്നതും റിലീസ് ചെയ്‌തതും. മമ്മൂക്കയുടെയും സമാനമായ സിനിമകളാണ് വന്നത്. ആർക്കും തന്നെ വലിയ ബജറ്റ് സിനിമകൾ എന്ന് വിളിക്കാവുന്ന തരം സിനിമകൾ റിലീസ് ചെയ്തിട്ടില്ല. അതാകാം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാത്തത്. ഇപ്പോൾ പ്രതിസന്ധികൾ മാറി. ഇനി വലിയ സിനിമകൾ നമുക്ക് ചെയ്യാം. അതിനുള്ള സാധ്യതകൾ നമുക്കുണ്ട്.

'ജനഗണമന', 'കടുവ' അടുത്തതും ഒരു പൃഥ്വിരാജ് ചിത്രമാണ്. ഒപ്പം നയൻ‌താരയും അൽഫോൺസ് പുത്രൻ എന്ന സംവിധായകനും. 'ഗോൾഡി'നെക്കുറിച്ചുള്ള പ്രതീക്ഷകൾ?

ഗോൾഡ് പ്രേക്ഷകർ വലിയ പ്രതീക്ഷ നൽകുന്ന സിനിമയാണ്. അൽഫോൺസ് പുത്രനെ പോലൊരു സംവിധായകൻ ഒരുക്കുന്നു, നയൻ‌താര ഉണ്ട്, അതുപോലെ മലയാള സിനിമയിൽ നിന്ന് വലിയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗമാണ്. മൊത്തത്തിൽ ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയാണ് 'ഗോൾഡ്'. അത് ഒരു പരിപൂർണ്ണ അൽഫോൺസ് പുത്രൻ മാജിക്കാണ്. ആ സിനിമയുടെ എല്ലാ ക്രെഡിറ്റും അൽഫോൺസിനാണ്. അതിന്റെ ഗ്രേഡിംഗ് ആയാലും എഡിറ്റിംഗ് ആയാലും കൊറിയോഗ്രാഫിയിൽ പോലും അദ്ദേഹം ഇടപെടുന്നുണ്ട്. അങ്ങനെ എല്ലാ മേഖലയിലും ഒരു അൽഫോൺസ് ടച്ചുണ്ട്. ഞാൻ ഇതുപോലൊരു സംവിധായകനൊപ്പം ഇതാദ്യമായാണ് വർക്ക് ചെയ്യുന്നത്. പൊതുവെ സംവിധായകർ ഡയറക്റ്റ് ചെയ്യും, അല്ലെങ്കിൽ തിരക്കഥ എഴുതി ഡയറക്റ്റ് ചെയ്യും. അൽഫോൺസ് പുത്രൻ എല്ലാ മേഖലകയിലും ശ്രദ്ധിക്കുന്ന വ്യക്തിയാണ്. അദ്ദേഹം 'പ്രേമം' പോലൊരു ഹിറ്റ് കൊടുത്ത വ്യക്തിയാണ്. കുറച്ച് വർഷങ്ങൾക്കിപ്പുറം വലിയൊരു കാസ്റ്റുമായി അദ്ദേഹം വരുന്നു. അതിനാൽ തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമല്ലോ. സാധാരണ നമ്മൾ സിനിമയ്ക്ക് ഹൈപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ഹൈപ്പിലിരിക്കുകയാണ് സിനിമ. അത് തന്നെയാണ് ഇപ്പോൾ ഏറ്റവും വലിയ ടെൻഷനും.

'ബിഗിൽ', 'മാസ്റ്റർ', 'ബീസ്റ്റ്', അടുത്ത് ഇറങ്ങിയ വിജയ് സിനിമകൾ എല്ലാം കേരളത്തിൽ എത്തിച്ചത് ലിസ്റ്റിൻ ആണല്ലോ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ഒരു വിജയ് ചിത്രം പ്രതീക്ഷിക്കാമോ?

വിജയ് സിനിമയിലേക്കുള്ള ചുവടുപടികൾ ആയി മാത്രമാണ് ഇതിനെ ഞാൻ കാണുന്നത്. അദ്ദേഹവുമായി ഞാൻ പല തവണ മീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്കുള്ള എല്ലാ സിനിമകളുടെ വിതരണവും നമ്മൾ തന്നെയാണ് എടുക്കുന്നത്, ലാഭവും നഷ്ടവും ഉണ്ടായിട്ടുണ്ട് എന്നൊക്കെ പറയാമല്ലോ. തമിഴിലും ഹിന്ദിയിലൊമൊക്കെ സിനിമകൾ ചെയ്തിട്ടുണ്ട്. വലിയ സിനിമ ചെയ്യാൻ നമുക്ക് പറ്റും എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക. അങ്ങനെ വിജയ് പോലുള്ള താരമൂല്യമുള്ള നടനെവെച്ച് സിനിമ ചെയ്യുക എന്നതാണല്ലോ ഒരു നിർമ്മാതാവ് എന്ന നിലയിൽ നമ്മുടെ ആഗ്രഹം. നമ്മളെ സംബന്ധിച്ചിടത്തോളം മോസ്റ്റ് ഡിമാൻഡിങ് പ്രൊഡ്യൂസർ ആവുക എന്നതാണ്.

story highlights: listin stephen shares the happiness of kaduva movie success

Next Story

Popular Stories