

എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്താഗതിയുള്ള ആളാണോ നിങ്ങൾ? എനിക്ക് ഈ ജീവിതത്തിൽ കാശ് ഉണ്ടാക്കാൻ സാധിക്കുമെന്ന് ഒട്ടും വിശ്വാസമില്ല എന്നിടക്ക് തോന്നാറുണ്ടോ? എന്നാല്‍ ഈ ചിന്താഗതിയൊന്ന് മാറ്റിയാല്‍ കാര്യങ്ങള്‍ മാറി മറിയുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
പോസിറ്റീവ് ആയാൽ പോക്കറ്റ് കനം കൂടും
നമ്മുടെ സാമ്പത്തിക തീരുമാനങ്ങളെയും ശീലങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ മനോഭാവമാണ്. അതുകൊണ്ട് തന്നെ ചിന്താഗതിയിൽ വരുത്തുന്ന മാറ്റം സമ്പത്ത് വളർത്തുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ്. പണം സമ്പാദിക്കുക എന്നത് കേവലം ഭാഗ്യത്തിന്റെ കളിയല്ല, മറിച്ച് കൃത്യമായ പ്ലാനിംഗിലൂടെയും പഠിക്കാനുള്ള മനസ്സിലൂടെയും ആർക്കും നേടിയെടുക്കാവുന്ന ഒന്നാണെന്ന തിരിച്ചറിവാണ് ഇതിന് ആധാരം. നെഗറ്റീവ് ചിന്തകൾ വെടിഞ്ഞ് അവസരങ്ങളെ പോസിറ്റീവ് ആയി കാണാൻ തുടങ്ങുന്നതോടെ നമ്മുടെ സമ്പാദ്യശീലത്തിലും നിക്ഷേപങ്ങളിലും വലിയ പുരോഗതി ഉണ്ടാക്കാൻ നമുക്ക് സാധിക്കും.പോസിറ്റീവ് ചിന്താഗതി എന്നത് വെറുതെ നല്ലത് ചിന്തിച്ചിരിക്കലല്ല, അത് നമ്മുടെ പ്രവൃത്തികളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന ഒന്നാണ്.
അവസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു
നമുക്ക് കഴിയില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് പുതിയ വഴികൾ തേടുന്നത് നിർത്തും. എന്നാൽ എനിക്ക് ഇത് സാധിക്കും എന്ന് വിശ്വസിക്കുമ്പോൾ, ചുറ്റുമുള്ള പണം സമ്പാദിക്കാനുള്ള വഴികൾ അല്ലെങ്കിൽ പുതിയ ജോലി സാധ്യതകൾ നമ്മുടെ ശ്രദ്ധയിൽപ്പെടും.ഉദാഹരണത്തിന് ഒരാൾക്ക് ഒരു ചെറിയ ബിസിനസ് തുടങ്ങണം എന്നുണ്ടെന്ന് കരുതുക. എനിക്ക് ബിസിനസ് അറിയില്ല, പണം നഷ്ടപ്പെടും എന്ന് ചിന്തിച്ചാൽ അയാൾ ഒരിക്കലും അത് തുടങ്ങില്ല. എന്നാൽ എനിക്ക് പഠിച്ചെടുക്കാൻ പറ്റും എന്ന് ചിന്തിക്കുന്ന ആൾ കുറഞ്ഞ ചിലവിൽ അത് എങ്ങനെ തുടങ്ങാം എന്ന് അന്വേഷിക്കുകയും പണം സമ്പാദിക്കാൻ തുടങ്ങുകയും ചെയ്യും.
റിസ്ക് എടുക്കാനുള്ള ധൈര്യം
സമ്പന്നരായ മിക്ക ആളുകളും ജീവിതത്തിൽ കൃത്യമായ പ്ലാനിംഗോടെ റിസ്ക് എടുത്തവരാണ്. പോസിറ്റീവ് ചിന്താഗതിയുള്ളവർക്ക് പരാജയത്തെ പേടി കുറവായിരിക്കും. പരാജയപ്പെട്ടാലും അതിൽ നിന്ന് പഠിച്ച് മുന്നേറാം എന്ന ആത്മവിശ്വാസം അവർക്ക് സമ്പത്ത് ഉണ്ടാക്കാൻ കരുത്ത് നൽകും.
ഉദാഹരണം പറഞ്ഞാൽ ഓഹരി വിപണിയിലോ ഭൂമിയിലോ പണം നിക്ഷേപിക്കുമ്പോൾ ചെറിയ നഷ്ടം വന്നേക്കാം. നെഗറ്റീവ് ചിന്തിഗതിയുള്ളവർ പേടിച്ച് പിന്മാറും. എന്നാൽ പോസിറ്റീവ് ചിന്താഗതിയുള്ളവർ ദീർഘകാല ലാഭം പ്രതീക്ഷിച്ച് ക്ഷമയോടെ കാത്തിരിക്കുകയും വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യും.
പ്രശ്നപരിഹാര ശേഷി
സമ്പത്ത് ഉണ്ടാക്കുന്ന വഴിയിൽ തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നവർ അവിടെ നിന്നുപോകും. പോസിറ്റീവ് ആയി ചിന്തിക്കുന്നവർ ഇത് എങ്ങനെ പരിഹരിക്കാം എന്ന് ആലോചിക്കും. ഈ സ്വഭാവമാണ് അവരെ സാമ്പത്തികമായി മുന്നിലെത്തിക്കുന്നത്.
മനോഭാവവും സമ്പാദ്യവും
എനിക്ക് ഒരുപാട് സമ്പാദിക്കണം എന്ന പോസിറ്റീവ് ലക്ഷ്യം ഉള്ളവർ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കും. തന്റെ കയ്യിലുള്ള ചെറിയ തുക പോലും നാളെ വലിയൊരു സമ്പത്തായി മാറുമെന്ന് അവർ വിശ്വസിക്കുന്നു.നിങ്ങളുടെ ചിന്തകൾ മാറുമ്പോൾ നിങ്ങളുടെ പ്രവൃത്തികൾ മാറും. പ്രവൃത്തികൾ മാറുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെടും. ഒരു വിത്ത് മുളച്ച് മരമാകുമെന്ന് വിശ്വസിച്ച് അതിന് വെള്ളമൊഴിക്കുന്നതുപോലെയാണ് നമ്മുടെ പോസിറ്റീവ് ചിന്തകൾ. ആ വിശ്വാസമാണ് പിന്നീട് വലിയ സമ്പത്ത് എന്ന ഫലം നൽകുന്നത്. നമ്മൾ നമ്മളെക്കുറിച്ച് എന്ത് വിശ്വസിക്കുന്നുവോ അതാണ് നമ്മുടെ സാമ്പത്തിക ഭാവിയെയും നിർണ്ണയിക്കുന്നത്.
Content Highlights:How Mindset Affects Wealth: Transitioning to a Wealth Mindset