

ഐപിഎല്ലിൽ ടീം ഉടമകൾ മത്സരം ജയിക്കാനായി കൂടോത്രം ചെയ്യാറുണ്ടെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ സൺറൈസേഴ്സ് ആരാധകൻ കൂടോത്രം ചെയ്‌തെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ലളിത് മോദിയുടെ പ്രതികരണം.
'എതിര്‍ ടീമിന്റെ പ്രകടനം മോശമാകാൻ ഒരു ടീം ഉടമ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. എതിര്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ ആണ് കൂടോത്രം ചെയ്തത്. 2011 സീസണില്‍ ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ എനിക്ക് ലഭിച്ചിരുന്നു, അന്ന് തന്നെ എതിര്‍ ടീമുകളുടെ ഉടമകൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരൊക്കെ നടത്തിയതെന്ന് സിനിമയിലോ ടിവി സീരീസിലോ എന്റെ ടീം വെളിപ്പെടുത്തും.' ലളിത് മോദി വ്യക്തമാക്കി.
അതേ സമയം, കൂടോത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പരാതി നൽകി എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു യുവാവ് നാരങ്ങയിൽ കൂടോത്രം ചെയ്യുന്നതും തൊട്ടടുത്ത പന്തിൽ തന്നെ ചെന്നൈ ബാറ്റർ ശിവം ദുബെ പുറത്താകുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
വീഡിയോക്ക് പിന്നാലെ ചെന്നൈ പരാതി നൽകിയെന്ന പ്രചാരണവും ഉണ്ടായി. ചെന്നൈയുടെതെന്ന പേരിൽ ഒരു കത്ത് വരെ പ്രചരിപ്പിക്കപ്പെട്ടു. വീഡിയോയുടെയും കത്തിന്റെയും ആധികാരികത സംബന്ധിച്ച് പലരും സംശയങ്ങൾ ഉയർത്തുകയാണ്.
Content highlighst: lalit modi allegations on ipl owners black magic row