

10 മില്യണ്‍ റിയാല്‍ മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി ഇറാന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ പുറത്തിറക്കിയ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടാണിത്. എന്നാല്‍, ഈ നോട്ടിന്റെ യഥാര്‍ത്ഥ മൂല്യം ഏകദേശം 7 ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 650 രൂപയാണ് മൂല്യം. ഇത് ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യത്തകര്‍ച്ച എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

യുഎസും ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക സമ്മര്‍ദ്ദമാണ് ഈ നടപടിക്ക് പിന്നില്‍. വളരുന്ന പണപ്പെരുപ്പം, റിയാലിന്റെ മൂല്യനഷ്ടം എന്നിവയും ഇറാന് തിരിച്ചടിയാവുന്നു. കറന്‍സി മൂല്യം വേഗത്തില്‍ ഉയരുന്നതിനാല്‍ സാധാരണ ഇടപാടുകള്‍ക്കുപോലും കൂടുതല്‍ പണം ആവശ്യമാകുന്ന സാഹചര്യം ഇറാനില്‍ രൂപപ്പെടുകയാണ്. അതിനാല്‍, തന്നെ കറന്‍സി നോട്ടുകളുടെ എണ്ണം കുറയ്ക്കാനും ഇടപാടുകള്‍ എളുപ്പമാക്കാനും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഇറക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി.
പണമായി പണം പിന്‍വലിക്കല്‍ വര്‍ധിച്ചതും ഇതിനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സംവിധാനത്തിലും ഡിജിറ്റല്‍ പേയ്മെന്റുകളിലും തടസ്സം ഉണ്ടായേക്കുമെന്ന ഭയത്താല്‍ പലരും പണം കൈവശം സൂക്ഷിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇറാനില്‍ എടിഎമ്മുകളിലും ബാങ്കുകളിലും നീണ്ട നിരകള്‍ രൂപപ്പെട്ടു. സ്വന്തം സേവിങ്സ് സുരക്ഷിതമാക്കാന്‍ ആളുകള്‍ തിരക്കിട്ട് പണം പിന്‍വലിക്കുന്ന സാഹചര്യമാണിപ്പോള്‍ ഇറാനില്‍ നിലനില്‍ക്കുന്നത്.
പണപ്പെരുപ്പത്തിന്റെ യഥാര്‍ത്ഥ ചെലവ്
10 മില്യണ്‍ റിയാല്‍ നോട്ടിന് കാഴ്ചയില്‍ വലിയ മൂല്യമുണ്ടെന്ന് തോന്നിക്കുമെങ്കിലും, അതിന്റെ ഡോളര്‍ മൂല്യം വളരെ കുറഞ്ഞതാണ്. ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന വലിയ സമ്മര്‍ദ്ദത്തെ വ്യക്തമാക്കുന്നു. പണപ്പെരുപ്പം ക്രമേണ ആളുകളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുകയും, സാധാരണ അവശ്യവസ്തുക്കളുടെ വില ഉയര്‍ത്തുകയും ചെയ്യും. ആളുകളുടെ സേവിങ്‌സിന്റെ മൂല്യം കുറയാനിത് ഇടയാക്കും.

സമ്മര്‍ദ്ദത്തിലായ കറന്‍സി
ഇറാന്‍ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങളായി വലിയ സമ്മര്‍ദ്ദം നേരിടുകയാണ്. അന്താരാഷ്ട്ര ഉപരോധങ്ങളും ആഗോള തലത്തിലുള്ള സാമ്പത്തിക സംവിധാനങ്ങളിലേക്ക് പ്രവേശിക്കാനാവാത്തതും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇതിന് പുറമെ, യുഎസും ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമായതോടെ പ്രശ്‌നങ്ങള്‍ വഷളായി. ഇതിലൂടെ പണപ്പെരുപ്പം വേഗത്തില്‍ ഉയരുകയും റിയാലിന്റെ മൂല്യം വീണ്ടും കുറയാന്‍ ഇടയാക്കുകയും ചെയ്തു.
Content Highlights: Iran introduces a 10 million rial note as inflation surges, reflecting deep economic strain and a rapidly weakening currency.