ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ്; മറ്റുള്ളവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളും നിങ്ങളുടെ പ്രൊഫൈലിൽ ഉൾപ്പെടുത്താം

ഇന്‍സ്റ്റഗ്രാമിന്റെ പുതിയ അപ്ഡേറ്റ് വഴി ടാഗ് ചെയ്ത ഫോട്ടോകള്‍ ഇനി നിങ്ങളുടെ പ്രൊഫൈല്‍ ഗ്രിഡില്‍ ദൃശ്യമാകും. ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാമെന്നും പ്രൊഫൈലിലേക്ക് ഫോട്ടോകള്‍ എങ്ങനെ ചേര്‍ക്കാമെന്നും നോക്കാം

ഇന്‍സ്റ്റഗ്രാമില്‍ ഒരാളെ ടാഗ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സാധാരണയായി 'Tagged' എന്ന വിഭാഗത്തിലാണ് കാണാറുള്ളത്. എന്നാല്‍ ഇനി അത്തരം പോസ്റ്റുകളില്‍ ഇഷ്ടമുള്ളവ സ്വന്തം പ്രൊഫൈലിന്റെ പ്രധാന ഗ്രിഡിലും ചേര്‍ക്കാന്‍ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. അതായത് മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയില്‍ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ ആ പോസ്റ്റ് വീണ്ടും സ്വന്തം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ പ്രൊഫൈല്‍ ഗ്രിഡില്‍ ചേര്‍ക്കാം.

ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

DM നോട്ടിഫിക്കേഷന്‍ വഴി

ആരെങ്കിലും നിങ്ങളെ ഒരു പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ ആ പോസ്റ്റ് നിങ്ങളുടെ ഗ്രിഡിലേക്ക് ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.

പോസ്റ്റില്‍ നിന്ന്

നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റ് തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന 'Add to profile grid' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Tagged വിഭാഗത്തില്‍ നിന്ന്

ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ ടാഗ്ഡ് വിഭാഗത്തില്‍ പോയി ഗ്രിഡില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റില്‍ അമര്‍ത്തിപ്പിടിച്ചും ഈ ഓപ്ഷന്‍ ഉപയോഗിക്കാം.

അതോടെ പോസ്റ്റ് നിങ്ങളുടേതാകുമോ?

മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രം നിങ്ങളുടെ പ്രൊഫൈല്‍ ഗ്രിഡില്‍ ചേര്‍ത്താലും യഥാര്‍ഥ പോസ്റ്റ് ആ വ്യക്തിയുടെ അക്കൗണ്ടില്‍ തന്നെയായിരിക്കും. പുതിയതായി അതേ ചിത്രം നിങ്ങളുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെടുകയോ ഡ്യൂപ്ലിക്കേറ്റ് ആകുകയോ ഇല്ല. അതുപോലെ പിന്നീട് വേണ്ടെന്ന് തോന്നിയാല്‍ നിങ്ങളുടെ ഗ്രിഡില്‍ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്യാം. എന്നാല്‍ യഥാര്‍ഥ പോസ്റ്റ് ഡിലീറ്റ് ആകില്ല. Tagged വിഭാഗത്തിലും അത് തുടരും.

ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് ഏറെ ഉപകാരപ്പെടും

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രാ ചിത്രങ്ങള്‍, എന്തെങ്കിലും പരിപാടികളിലെ ഫോട്ടോകള്‍, വിവാഹചടങ്ങുകളിലെ ചിത്രങ്ങള്‍, സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ തുടങ്ങിയവയ്ക്കാണ് ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടുക. ഉദാഹരണത്തിന് സുഹൃത്ത് എടുത്ത ഒരു നല്ല ഗ്രൂപ്പ് ഫോട്ടോ അയാളുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതേ ചിത്രം വീണ്ടും സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യേണ്ടതില്ല. നിങ്ങളെ അതില്‍ ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്ടപ്പെട്ടാല്‍ നേരിട്ട് സ്വന്തം പ്രൊഫൈല്‍ ഗ്രിഡില്‍ ഉള്‍പ്പെടുത്താം.

ക്രിയേറ്റര്‍മാര്‍ക്കും ഗുണം

(Content creatsors ) കണ്ടന്റ് ക്രീയേറ്റേഴ്‌സിനും ഈ ഫീച്ചര്‍ ഉപയോഗപ്രദമാണ്. മറ്റൊരു ക്രിയേറ്ററുമായി ചേര്‍ന്ന് ചെയ്ത ഒരു പോസ്റ്റില്‍ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ പോസ്റ്റ് സ്വന്തം പ്രൊഫൈലിലും പ്രദര്‍ശിപ്പിക്കാം. ബ്രാന്‍ഡ് ക്യാംപെയ്നുകളിലും കൊളാബ് ചെയ്യലിലും ഇത് പ്രയോജനപ്പെടുമെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഒരേ പോസ്റ്റ് പല ക്രിയേറ്റര്‍മാരെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണെങ്കില്‍ ഓരോരുത്തര്‍ക്കും അത് സ്വന്തം പ്രൊഫൈലില്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും.

സ്വകാര്യത എങ്ങനെ?

ഈ ഫീച്ചര്‍ ഉപയോഗിച്ചാലും പോസ്റ്റിന്റെ privacy settings മാറില്ല. യഥാര്‍ഥ പോസ്റ്റ് ആരൊക്കെ കാണുമെന്നത് പോസ്റ്റ് ചെയ്ത അക്കൗണ്ടിന്റെയും നിങ്ങളുടെയും privacy sttings നെയും ആശ്രയിച്ചിരിക്കും. അതുകൊണ്ട് ടാഗ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രൊഫൈലില്‍ ചേര്‍ക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോസ്റ്റുകള്‍ മാത്രം തിരഞ്ഞെടുത്ത് ഗ്രിഡില്‍ ഉള്‍പ്പെടുത്താം.

ഇഷ്ടമില്ലെങ്കില്‍ മാറ്റുകയും ചെയ്യാം

ടാഗ് ചെയ്ത ആ പോസ്റ്റ് പ്രൊഫൈലില്‍ വേണ്ടെന്ന് തോന്നിയാല്‍ എളുപ്പത്തില്‍ ഗ്രിഡില്‍ നിന്ന് നീക്കം ചെയ്യാം. പക്ഷേ അതിന്റെ യഥാര്‍ഥ പോസ്റ്റ് ഇല്ലാതാകില്ല. പ്രൊഫൈല്‍ കൂടുതല്‍ വ്യക്തിപരമാക്കാനും മറ്റുള്ളവര്‍ എടുത്തിട്ടുള്ള മികച്ച ചിത്രങ്ങള്‍ സ്വന്തം ഗ്രിഡില്‍ ഉള്‍പ്പെടുത്താനും സഹായിക്കുന്ന ചെറുതെങ്കിലും ഉപയോഗപ്രദമായ മാറ്റമാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights : With Instagram's new update, tagged photos will now appear on your profile grid. Let's take a look at how to use this feature and how to add photos to your profile

To advertise here,contact us