ഐ ഫോണ്‍ സ്‌ക്രീനിന് മുകളിലെ പച്ച, ഓറഞ്ച് നിറങ്ങളിലുള്ള ഡോട്ടുകള്‍ സൂചിപ്പിക്കുന്നത് എന്താണ്

ഫോണ്‍ ഉപയോഗിക്കുമ്പോഴും അവയിലെ ചില ഫീച്ചറുകളെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം

ഐഫോണിന്റെ സ്‌ക്രീനിന്റെ മുകളില്‍ പച്ച അല്ലെങ്കില്‍ ഓറഞ്ച് നിറങ്ങളിലുള്ള ചെറിയ ഡോട്ട് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും നാം അവ കാണാറുണ്ടെങ്കിലും അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയില്ലെന്ന് മാത്രം. ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യതാ സവിശേഷതകളില്‍ ഒന്നാണ് ഈ ചെറിയ ഡോട്ടുകള്‍. ഏതെങ്കിലും ഒരു ആപ്പ് ഫോണിന്റെ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നുണ്ടോ എന്ന് ഈ ഡോട്ടുകളിലൂടെ അറിയാന്‍ സാധിക്കും.ഇക്കാലത്ത് ഡിജിറ്റല്‍ സ്വകാര്യത വളരെ പ്രധാനമാണ്. അതിനാല്‍ ഫോണില്‍ എന്താണ് സംഭവിക്കുന്നതെന്ന് തത്സമയം അറിയാന്‍ ഈ ഐഫോണ്‍ ഡോട്ടുകള്‍ സഹായിക്കും.

പച്ച ഡോട്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

നിങ്ങളുടെ iPhone സ്‌ക്രീനിന്റെ മുകളില്‍ ഒരു പച്ച ഡോട്ട് പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അതിനര്‍ത്ഥം ഒരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു എന്നാണ്. ഫോട്ടോ എടുക്കുമ്പോഴോ, വീഡിയോ റെക്കോര്‍ഡുചെയ്യുമ്പോഴോ, FaceTime കോള്‍ ചെയ്യുമ്പോഴോ, ഒരു വീഡിയോ മീറ്റിംഗില്‍ ചേരുമ്പോഴോ പച്ച ഡോട്ട് പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. രസകരമെന്നു പറയട്ടെ ഒരു ആപ്പ് ക്യാമറയും മൈക്രോഫോണും ഒരേസമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും ഐഫോണ്‍ ഇപ്പോഴും ഗ്രീന്‍ ഡോട്ട് മാത്രമേ കാണിക്കൂ.

ഓറഞ്ച് ഡോട്ട് എപ്പോഴാണ് ദൃശ്യമാകുന്നത്?

ഒരു ആപ്പ് മൈക്രോഫോണ്‍ ആക്സസ് ചെയ്യുന്നുണ്ടെന്നാണ് ഓറഞ്ച് ഡോട്ട് സൂചിപ്പിക്കുന്നത്. ഫോണ്‍ കോളുകള്‍ ചെയ്യുമ്പോഴോ, വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡുചെയ്യുമ്പോഴോ, സിരി ഉപയോഗിക്കുമ്പോഴോ, വോയ്സ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോഴോ ഇത് പലപ്പോഴും ദൃശ്യമാകും. ചുരുക്കി പറഞ്ഞാല്‍ ഫോണ്‍ നിലവില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിനുള്ള iPhone-ന്റെ മാര്‍ഗമാണിത്.

ഒരു കാരണവുമില്ലാതെ ഫോണില്‍ ഒരു ഡോട്ട് കണ്ടാല്‍ എന്തുചെയ്യും?

മിക്ക കേസുകളിലും ഒരു ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഈ ഡോട്ടുകള്‍ ദൃശ്യമാകൂ. എന്നാല്‍ ഫോണില്‍ അത്തരം ആപ്പുകളൊന്നും തുറക്കാത്ത സാഹചര്യത്തില്‍ ഒരു പച്ച അല്ലെങ്കില്‍ ഓറഞ്ച് ഡോട്ട് കാണുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.ഇതിനര്‍ത്ഥം എന്തെങ്കിലും അപകടമുണ്ടെന്നല്ല. പക്ഷേ നിങ്ങള്‍ മുമ്പ് അനുമതി നല്‍കിയ ഒരു ആപ്പ് പശ്ചാത്തലത്തില്‍ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്.

ക്യാമറയോ മൈക്രോഫോണോ? ഏത് ആപ്പാണ് എങ്ങനെ കണ്ടെത്താം?

ഏത് ആപ്പാണ് ഈ സവിശേഷതകള്‍ ഉപയോഗിക്കുന്നതെന്ന് അറിയണമെങ്കില്‍ നിങ്ങളുടെ iPhone-ന്റെ മുകളില്‍ വലതുവശത്ത് നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്ത് കണ്‍ട്രോള്‍ സെന്റര്‍ തുറക്കുക. ഇവിടെ സ്‌ക്രീനിന്റെ മുകളില്‍ അടുത്തിടെ ക്യാമറയോ മൈക്രോഫോണോ ഉപയോഗിച്ച ആപ്പിന്റെ പേര് Apple നിങ്ങള്‍ക്ക് കാണിച്ചുതരും.

ഇവ ഓഫ് ചെയ്തിടാന്‍ കഴിയുമോ?

ഗ്രീന്‍, ഓറഞ്ച് ഡോട്ടുകള്‍ ഓഫാക്കാനുള്ള ഓപ്ഷന്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല. Ios ല്‍ ഒരു സ്ഥിരം സ്വകാര്യതാ സവിശേഷതയായി കമ്പനി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിന്റെ സെന്‍സിറ്റീവ് സവിശേഷതകള്‍ എപ്പോഴൊക്കെ ഉപയോഗിക്കുന്നുവെന്ന് അറിയാന്‍ കഴിയും.

ക്യാമറ, മൈക്രോഫോണ്‍ അനുമതി എങ്ങനെ ഓഫാക്കാം?

ഒരു ആപ്പിനെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലളിതമായ ഘട്ടങ്ങള്‍ പാലിക്കേണ്ടതാണ്.

  • നിങ്ങളുടെ iPhone-ന്റെ സെറ്റിംഗ്‌സ് തുറക്കുക
  • Privacy and securtiy യില്‍ ടാപ്പ് ചെയ്യുക
  • ഇനി ക്യാമറ അല്ലെങ്കില്‍ മൈക്രോഫോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • അനുമതി ലഭിച്ച എല്ലാ ആപ്പുകളുടെയും ഒരു ലിസ്റ്റ് ഇവിടെ കാണാം.
  • നിങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഏതൊരു ആപ്പിന്റെയും അനുമതികള്‍ ഉടനടി പ്രവര്‍ത്തനരഹിതമാക്കുക. ഇങ്ങനെ നിങ്ങളുടെ സ്വകാര്യത മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ കഴിയും.

Content Highlights : What do the green and orange dots at the top of the iPhone screen indicate? Digital privacy is very important these days. So these iPhone dots will help you know what is happening on your phone in real time.

To advertise here,contact us