ഐഫോണിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും മറ്റും ഐഫോൺ പ്രേമികൾ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് സ്വീകരിക്കാറുള്ളത്. ഓരോ പുതിയ ഫോൺ റിലീസിനും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. പുതിയ മോഡലുകൾ മാർക്കറ്റിൽ ഇറങ്ങുന്ന ദിവസം നീണ്ടവരിയാണ് സ്റ്റോറുകൾക്ക് മുൻപിൽ ഉണ്ടാകാറുള്ളത്. പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 17നും ഇത്തരത്തിൽ വലിയ സ്വീകാര്യത ലഭിക്കും എന്നുറപ്പാണ്. കാരണം, ഐഫോൺ പ്രേമികൾ പുതിയ മോഡലിനായി അത്രയ്ക്ക് കാത്തിരിക്കുന്നുണ്ട്.
അവരെയെല്ലാം സന്തോഷത്തിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ആപ്പിൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ ആപ്പിൾ ഐഫോൺ 17ന്റെ ലോഞ്ച് തീയതി പുറത്തുവന്നിരിക്കുകയാണ്. ആപ്പിൾ സിഇഒ ടിം കുക് തന്നെയാണ് തിയതി പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച, കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ വെച്ചാണ് ഫോൺ പുറത്തിറക്കുക.
ആപ്പിളിന്റെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും പരിപാടി തത്സമയം കാണാം. ലോഞ്ചുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിൽ നീലയും മഞ്ഞയും നിറമുള്ള ഒരു പുതിയ ആപ്പിൾ ലോഗോയാണ് ഉള്ളത്. ഇത് ഏതെങ്കിലും തരത്തിലുള്ള പുതിയ ഫീച്ചറുകളെപ്പറ്റിയുള്ള സൂചനയാണോ എന്ന ചർച്ചകളും തകൃതിയാണ്. പുതിയ അപ്ഗ്രേഡുകൾ എന്തായാലും ഉണ്ടാകും എന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഐഫോൺ പ്ലസിന് പകരം ഐഫോൺ എയർ ആയിരിക്കും ഉണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്. ഏറ്റവും മെലിവുള്ള ഫോണായിരിക്കും ഇതെന്നും അറിയുന്നു.
2900 mAh ആയിരിക്കും ബാറ്ററി കപ്പാസിറ്റി. ആപ്പിളിന്റെ C1 മോഡം ആയിരിക്കും ഐഫോൺ എയറിൽ ഉണ്ടാകുക. 17,17 പ്രൊ എന്നിവയിൽ പുതിയ കാമറ മൊഡ്യൂൾ ആയിരിക്കും ഉണ്ടാകുക എന്നാണ് സൂചന. അലുമിനിയത്തിൽ നിർമിച്ച, ഗ്ലാസ് ബാക് ഉള്ള മോഡലായിരിക്കും ഇവയെന്ന സൂചനയുമുണ്ട്. പ്രൊ മോഡലുകൾക്ക് 8X ടെലിഫോട്ടോ ക്യാമറയും ഉണ്ട്.
ഐഫോൺ 17ന്റെ വിലയെക്കുറിച്ചും ചില സൂചനകൾ ലഭ്യമായിട്ടുണ്ട്. ഐഫോൺ 17ന് 79,990 രൂപയായിരിക്കും വില. ഐഫോൺ എയറിന് 89,990 രൂപയായിരിക്കും വില. പ്രൊ വേരിയന്റിന് 1,34,990 രൂപയും പ്രൊ മാക്സിന് 1,64,990 രൂപയും ആയിരിക്കുമെന്നാണ് വിവരങ്ങൾ.
ഐഫോൺ മാത്രമല്ല, ആപ്പിൾ വാച്ച് സീരീസ് 11 , എയർപോഡ്സ് പ്രൊ 3, എന്നിവയും അന്നേ ദിവസം ലോഞ്ച് ചെയ്യും. ആപ്പിൾ വെച്ച അൾട്രയും അന്നേ ദിവസം പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്.
Content Highlights: apple iphone 17 launch date declared