'ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ല' മണ്ഡല പുനർനിർണയത്തിന് പിന്തുണ തേടി ചന്ദ്രബാബു നായിഡു

കേന്ദ്രമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിക്കൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു നായിഡുവിന്റെ പ്രതികരണം

എച്ച് ഡി കുമാരസ്വാമി/ ചന്ദ്രബാബു നായിഡു

ന്യൂഡിൽഹി: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ശക്തമായ പിന്തുണയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദിഷ്ട ബില്ലിനെയും വനിതാ സംവരണത്തെയും പിന്തുണയ്ക്കാൻ പ്രതിപക്ഷ പാർട്ടികളോടും നായിഡു അഭ്യർഥിച്ചു. കേന്ദ്രമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിക്കൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു നായിഡുവിന്റെ പ്രതികരണം. നിർദിഷ്ട നിയമനിർമാണത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും മുൻപ് ബില്ലുകൾ പാസാക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച പിഴവുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനാകുമെന്നാണ് നായിഡുവിന്റെ വാദം. വനിതാ സംവരണം നടപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നവരെല്ലാം ബില്ലിനെയും പിന്തുണയ്ക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. സ്ത്രീകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് ബില്ലിനെ എതിർക്കാനാകില്ല. 30 വർഷമായി നിലനിൽക്കുന്ന ആവശ്യമാണ് വനിതാ സംവരണം. ഇപ്പോൾ അത് നടപ്പാക്കാനുള്ള സമയമായെന്നും മണ്ഡല പുനർനിർണയവുമായി ഇതിന് ബന്ധമുണ്ടെന്നും നായിഡു പറഞ്ഞു.

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിച്ചാൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള എതിർപ്പുകൾ ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് എല്ലാവർക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന തീരുമാനമാണെന്നും ജനാധിപത്യത്തിൽ ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കണമെന്നും നായിഡു കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ ഇങ്ങനെ വർധിക്കും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നിലവിലെ പാർലമെന്ററി പ്രാതിനിധ്യ വിഹിതം അതേപടി നിലനിർത്താനാകുമെന്നും നായിഡു വിശദീകരിച്ചു.

സംസ്ഥാനാടിസ്ഥാനത്തിൽ നിലവിലെ സീറ്റുകളും നിർദിഷ്ട വർധനയ്ക്കുശേഷമുള്ള സീറ്റുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിൽ നിലവിലെ 25 സീറ്റുകൾ 38 ആയി വർധിക്കും. തമിഴ്നാട്ടിൽ 39 സീറ്റുകൾ 59 ആകും. കർണാടകയിൽ 28 സീറ്റുകൾ 42 ആയി ഉയരും. തെലങ്കാനയിൽ 17 സീറ്റുകൾ 26 ആകും. കേരളത്തിൽ 20 സീറ്റുകൾ 30 ആയി വർധിക്കുമെന്നും ചന്ദ്രബാബു നായി‍ഡു ചൂണ്ടിക്കാണിച്ചു. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി നിലവിലുള്ള 129 ലോക്‌സഭാ സീറ്റുകൾ 195 ആയി ഉയരും. എന്നാൽ ആകെ ലോക്‌സഭാ സീറ്റുകളിൽ ഈ സംസ്ഥാനങ്ങളുടെ വിഹിതം നിലവിലുള്ള 23.76 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് നായിഡുവിന്റെ വിശദീകരണം.

ആന്ധ്രാപ്രദേശിന്റെ വിഹിതം 4.6 ശതമാനമായും തമിഴ്‌നാടിന്റേത് 7.18 ശതമാനമായും കർണാടകയുടേത് 5.16 ശതമാനമായും തുടരും. തെലങ്കാനയുടെ വിഹിതം 3.13 ശതമാനവും കേരളത്തിന്റേത് 3.68 ശതമാനവുമായിരിക്കുമെന്നും നായിഡു വിശദീകരിച്ചു.

മണ്ഡല പുനർനിർണയത്തിലൂടെ സംസ്ഥാനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ മാറുമെന്നും ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാകുമെന്നും ഫെഡറൽ സംവിധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നീക്കത്തെ എതിർക്കുന്നത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ മണ്ഡല പുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

Content Highlights: Andhra Pradesh Chief Minister Chandrababu Naidu seeks support for the delimitation exercise, assuring that the political representation of South Indian states will not be reduced

To advertise here,contact us